പി ടി തോമസിന്റെ പൊതുദർശനച്ചടങ്ങിന് പൂക്കൾ വാങ്ങിയതിൽ ക്രമക്കേട് ; തുക തൃക്കാക്കര നഗരസഭ തിരിച്ചടയ്ക്കണം

കാക്കനാട്
പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ചടങ്ങില്‍ പൂക്കൾ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയാരോപണത്തില്‍ തൃക്കാക്കര നഗരസഭയ്ക്ക് തിരിച്ചടി. പൂക്കള്‍ വാങ്ങിയതിനുള്‍പ്പെടെ നഗരസഭാ ഫണ്ടില്‍നിന്ന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നഗരസഭാ അധ്യക്ഷയ്ക്ക് നോട്ടീസ് നല്‍കി. പൊതുദര്‍ശനം സംഘടിപ്പിച്ചതിന്റെ മറവില്‍ തൃക്കാക്കര യുഡിഎഫ് ഭരണസമിതി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു.
നഗരസഭാ കമ്യൂണിറ്റി ഹാളിലാണ് പൊതുദര്‍ശനം നടത്തിയത്. പൂക്കള്‍ വാങ്ങിയതിനു മാത്രം 1,27,000 രൂപയാണ് ചെലവഴിച്ചത്. ഭക്ഷണത്തിനായി 35,000 രൂപയും ചെലവാക്കി. ആകെ നാല് ലക്ഷം രൂപയാണ് പൊതുദർശനത്തിൽ ചെലവായത്. എന്നാല്‍, 1,27,000 രൂപയുടെ പൂക്കള്‍ പൊതുദര്‍ശന ഹാളിലുണ്ടായിരുന്നില്ലെന്നും ക്രമക്കേട് നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആവശ്യം.
ഇതിനിടെ, ചെലവായ തുക നഗരസഭാ അധ്യക്ഷയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തടിയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ തുക റിലീഫ് ഫണ്ടില്‍നിന്ന് പിന്‍വലിച്ച് തനതുഫണ്ടില്‍ നിക്ഷേപിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നഗരസഭാ അധ്യക്ഷയ്ക്ക് നോട്ടീസ് നല്‍കിയത്. ഭാവിയില്‍ നഗരസഭയില്‍ നിക്ഷിപ്തമല്ലാത്ത ചുമതലയ്ക്ക് തുക ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ഉറപ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നോട്ടീസില്‍ നിര്‍ദേശിച്ചു. പി ടി തോമസ് മരിക്കുമ്പോള്‍ ഐ ഗ്രൂപ്പിലെ അജിത തങ്കപ്പനായിരുന്നു നഗരസഭ അധ്യക്ഷ. പിന്നീട് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് എ ഗ്രൂപ്പിൽനിന്നുള്ള രാധാമണിപിള്ളയാണ് ഇപ്പോള്‍ നഗരസഭ അധ്യക്ഷ. സെക്രട്ടറിയും മാറി. സർക്കാർ ഇറക്കിയ ഉത്തരവിൽ എന്തു നടപടിയെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് നിലവിലെ ഭരണസമിതി.








0 comments