യുഡിഎഫ് ഭരണസമിതിയിൽ ഭിന്നിപ്പ്
ഇൗ രീതി തുടരാനാകില്ല; തൃക്കാക്കരയിൽ അധ്യക്ഷനെതിരെ ഉപാധ്യക്ഷ

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ തീരുമാനങ്ങളെടുക്കുന്നത് ഭരണസമിതിയിലെ ഏതാനും ചില പ്രബലർ ചേർന്നാണെന്ന് വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ കൗൺസിലിൽ ആരോപിച്ചു. തീരുമാനങ്ങളെടുക്കാൻ എല്ലാവർക്കും കഴിയുന്നില്ല. പ്രബലർ, ദുർബലർ, അബലർ എന്നിങ്ങനെ മൂന്നു തട്ടായാണ് ഭരണസമിതി തീരുമാനങ്ങൾ എടുക്കുന്നത്.
അജൻഡകളിൽ പലതും ചെയർപേഴ്‌സൺ മുൻകൂർ അനുമതി നൽകിയശേഷം കൗൺസിലിൽ പാസാക്കുന്നു. ഈ രീതി തുടരാനാകില്ലെന്ന് ഷെറീന പറഞ്ഞു. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷയായ തന്നെ നോക്കുകുത്തിയാക്കി ഫയലുകൾ പാസാക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. അതു നടപ്പില്ല. മുൻകൂർ നൽകുന്നതിലും ചെയർപേഴ്‌സൺ പക്ഷഭേദം കാണിക്കുന്നതായും ഷെറീന ആരോപിച്ചു.
എന്തിനാണ് ഇങ്ങനെ കൗൺസിൽ യോഗം ചേരുന്നതെന്നും ഷെറീനെ ചോദിച്ചു. യുഡിഎഫ് അംഗങ്ങളായ പി എസ് സുജിത്തും പി എം യൂനസും ഷെറീനയെ തിരുത്താൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഭരണസമിതിക്കെതിരെ വൈസ് ചെയർപേഴ്സൻ നടത്തിയത് ഗുരുതര ആരോപണമാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. നേരായവഴിയിലല്ലാതെ പ്രബലർ ഇടപെട്ട് കാര്യങ്ങൾ നടത്തുന്നുവെന്ന ആരോപണം നേരിടുന്ന ചെയർമാൻ റാഷിദ് ഉള്ളംപള്ളി രാജിവയ്‌ക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
എൽഡിഎഫ് അംഗങ്ങളായ സി പി സാജൽ, സി എ നിഷാദ്, കെ എ നജീബ്, എം എം ഷിഹാബ്, കെ ജി ജയചന്ദ്രൻ, പി എൻ പ്രശാന്ത്, നിഷ ബീവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.










0 comments