തൃക്കാക്കരയ്‌ക്ക് ധൃതിയുണ്ട്, വികസനത്തിനായി

കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമാണം
എം എ നയനാർ
Published on Feb 09, 2026, 02:30 AM | 2 min read
തൃക്കാക്കര
അതിവേഗം വളരുന്ന കൊച്ചിയുടെ ഉപനഗരമായി മാറിയ തൃക്കാക്കരയുടെ മുക്കിലും മൂലയിലുമെത്തുന്ന വികസനപ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഫലം. വികസനകാര്യങ്ങളിൽ ഉമ തോമസ് എംഎൽഎ നിഷ്‌ക്രിയത്വം തുടരുമ്പോഴും ജനങ്ങളുടെ യാത്രാക്ലേശത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന നൽകി മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്.
മെട്രോ റെയിൽ രണ്ടാംഘട്ടം തൃക്കാക്കരയുടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കലൂർ സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ 11.2 കിലോമീറ്റർ പാതയ്‌ക്ക് 1957 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൈലിങ്, തൂണുകൾ, ഗർഡറുകൾ എന്നിവയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഈ പാതയുടെ നിർമാണം കൊച്ചിയുടെ വികസനത്തിനും ഐടി നഗരത്തിന്റെ വളർച്ചയ്ക്കും ഊർജം പകരും.
രാജ്യത്തെ ആദ്യ ജലമെട്രോ പദ്ധതിയുടെ ഭാഗമായി തൃക്കാക്കരയെ ഉൾപ്പെടുത്തിയത് സർക്കാരിന്റെ ദീർഘവീക്ഷണമാണ്. കാക്കനാടുനിന്ന് രണ്ടുകിലോമീറ്റർ മാറി ചിറ്റേത്തുകരയിലെ ജലമെട്രോ ടെർമിനലിൽനിന്ന് വൈറ്റിലയിലേക്കാണ് സർവീസുള്ളത്. കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽനിന്ന് ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസുമുണ്ട്.
ദേശീയപാതയിലെ തിരക്കിന് പരിഹാരമായി ഇടപ്പള്ളി–അരൂർ ആകാശപാത ഉടൻ യാഥാർഥ്യമാകും. ഡിപിആർ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തൃക്കാക്കരയെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റാൻ 141 കോടി രൂപ സംസ്ഥാനവിഹിതവും 50 കോടി രൂപ കേന്ദ്രവിഹിതവും ഉപയോഗിച്ച് നിർമിച്ച കിൻഫ്ര അന്താരാഷ്ട്ര കൺവൻഷൻ സെന്റർ 2025-ൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 640 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച കൺവൻഷൻ ഹാൾ, 100 പേർക്ക് ഇരിക്കാവുന്ന മിനിഹാൾ, ഡൈനിങ് ഹാൾ, അടുക്കള, വിഐപി അതിഥിമുറി, വിഐപി ലോഞ്ച്, ബോർഡ് റൂം, ഇൻഫോപാർക്ക് എക്‌സ്‌പ്രസ് വേയിലേക്ക് നേരിട്ട് പ്രവേശനം, വിശാലമായ കാർ പാർക്കിങ് എന്നിവ കൺവൻഷൻ സെന്ററിലുണ്ട്.
2026ലെ സംസ്ഥാന ബജറ്റിൽ തൃക്കാക്കരയിലെ നാല് റോഡിന്റെയും ഒരുപാലത്തിന്റെയും നവീകരണത്തിനായി അഞ്ചുകോടി രൂപ അനുവദിച്ചു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഇടച്ചിറ–മാഞ്ചേരിക്കുഴി റോഡ് ടാറിങ്ങിന് ഒരുകോടി, ഇടപ്പള്ളി–പോണേവഴി റോഡ് നവീകരണത്തിനും കാന നിർമാണത്തിനും ഒരുകോടി, പാലാരിവട്ടം സൗത്ത്–ജനത റോഡിന് 1.2 കോടി, വെണ്ണല–ജനത റോഡ് ടാറിങ്ങിനും കാന പുനർനിർമാണത്തിനും 50 ലക്ഷം, ചിലവന്നൂർ അമ്പനാട്ടുചിറ പാലം നിർമാണത്തിന് 1.3 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.










0 comments