തൃക്കാക്കര നഗരസഭ ; എ ഗ്രൂപ്പിനെ വെട്ടി കോൺഗ്രസ്

കാക്കനാട്
എ ഗ്രൂപ്പ് നേതാക്കളെ വെട്ടിനിരത്തി തൃക്കാക്കര നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്ന 39ൽ 37 ഇടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ടു വാർഡുകളിൽ തർക്കത്തെ തുടർന്ന് പ്രഖ്യാപിക്കാനായില്ല.
നഗരസഭാധ്യക്ഷ രാധാമണി പിള്ള, സ്ഥിരംസമിതി അധ്യക്ഷരായിരുന്ന സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായിരുന്ന എം ഒ വർഗീസ്, വി ഡി സുരേഷ് എന്നീ എ ഗ്രൂപ്പ് നേതാക്കൾക്ക് സീറ്റ് നിഷേധിച്ചു. പണക്കിഴി വിവാദത്തിൽ പ്രതിചേർക്കപ്പെട്ട നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പൻ, മുൻ അധ്യക്ഷൻ ഷാജി വാഴക്കാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളമ്പള്ളി, കൗൺസിലർമാരായിരുന്ന ഉണ്ണി കാക്കനാട്, സി സി വിജു, സോമി റെജി തുടങ്ങിയ ഐ ഗ്രൂപ്പ് നേതാക്കൾക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകി.
എ ഗ്രൂപ്പ് ജില്ലാ നേതാവ് പി ഐ മുഹമ്മദാലിയുടെ ഭാര്യ സെയ്ദാ ബീവിയെ ഇടച്ചിറ വാർഡിൽ മത്സരിപ്പിക്കുന്നതിനെ ചൊല്ലി തർക്കം രൂക്ഷമായതിനെ തുടർന്ന് ഇവിടെ സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. വാഴക്കാല വെസ്റ്റ് 17–ാം വാർഡിൽ ബൂത്ത് കമ്മിറ്റി നിർദേശിച്ച കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ ബി സുനീറിനെ ഒഴിവാക്കിയാണ് അജിത തങ്കപ്പനെ മത്സരിപ്പിക്കുന്നത്. ഇവിടെയും പ്രതിഷേധം തുടങ്ങി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു. വല്യാട്ട്മുകളിൽ വാർഡ് കമ്മിറ്റി തീരുമാനിച്ച വി എ ബെന്നിയെ ഒഴിവാക്കി പകരം സി സി വിജുവിനെ തീരുമാനിച്ചതിലും പ്രതിഷേധമുണ്ട്. ബെന്നി സ്വതന്ത്രനായി മത്സരിക്കും. സ്ഥാനാർഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ഐഎൻടിയുസി പ്രാദേശിക നേതാവ് സാബു പടിയഞ്ചേരി ഹെൽത്ത് സെന്റർ വാർഡിൽ വിമതനായി മത്സരിക്കും.








0 comments