തൃക്കാക്കര നഗരസഭ ; അമ്പലത്തിലേക്കുള്ള നടപ്പാത പണി പൂർത്തിയാക്കാതെ ഉദ്ഘാടനം

കാക്കനാട്
പാലച്ചുവട് മണ്ണാടി അമ്പലത്തിലേക്കുള്ള നടപ്പാത പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തി പ്രദേശവാസികളെ തൃക്കാക്കര നഗരസഭ യുഡിഎഫ് ഭരണസമിതി കബളിപ്പിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് ധൃതിപിടിച്ച് കഴിഞ്ഞ ഞായർ രാവിലെ നഗരസഭ അധ്യക്ഷ രാധാമണി പിള്ളയും കൗൺസിലർ നൗഷാദ് പല്ലച്ചിയും ചേർന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പാലച്ചുവട് റോഡിൽനിന്ന് 500 മീറ്ററോളം നീളത്തിൽ പരമ്പരാഗത നടപ്പാതയിൽ
മണ്ണാടി അമ്പലത്തിലേക്ക് പടിക്കെട്ട് നിർമിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. സമീപത്തെ സ്ഥലമുടമകൾ അടച്ചുകെട്ടിയ സ്ഥലങ്ങൾ ഒഴിപ്പിച്ചെടുക്കാതെ 100 മീറ്ററോളം നടപ്പാതയുടെ പണി നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ സൂചന ലഭിച്ചത്.
ഇതോടെ പണിതീരാതെ പാതയുടെ ഉദ്ഘാടനം നടത്തി ശിലാഫലകവും സ്ഥാപിച്ച് നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ് നഗരസഭ.
കൈയേറ്റം ഒഴിപ്പിച്ച് നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സിപിഐ എം പാലച്ചുവട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.








0 comments