അഴിമതിക്കര ഇത് തൃക്കാക്കര

തൃക്കാക്കര നഗരസഭ ആസ്ഥാനത്തിനോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു
എം എ നയനാർ
Published on Oct 06, 2025, 04:23 AM | 2 min read
കാക്കനാട്
അഴിമതിയുടെ വൻകരയായി മാറിയ തൃക്കാക്കര നഗരസഭയിൽ വികസനം വഴിമുട്ടി. ഏറ്റവും കൂടുതൽ തനത് വരുമാനമുള്ള നഗരസഭകളിലൊന്നായ തൃക്കാക്കരയിൽ യുഡിഎഫ് ഭരണസമിതി കാലാവധി പൂർത്തിയാക്കി ഇറങ്ങുമ്പോൾ ശേഷിക്കുന്നത് നിരവധി അഴിമതിക്കഥകളും അധികാര വടംവലിയും ഗ്രൂപ്പുപോരുംമാത്രം.
അഴിമതി വിടരും പൂക്കൾ, കുലുങ്ങും കിഴികൾ
പി ടി തോമസ് എംഎൽഎയുടെ മൃതദേഹത്തിൽ 1,27,000 രൂപയുടെ പൂക്കൾ വച്ചതടക്കം പൊതുദർശനത്തിന് ഭരണസമിതി ചെലവാക്കിയത് നാലുലക്ഷം രൂപ. എൽഡിഎഫ് പരാതി നൽകിയതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റി പണം തിരികെയടച്ച് തലയൂരാൻ നിർബന്ധിതമായി. പൂക്കള്‍ വാങ്ങിയതുള്‍പ്പെടെ നഗരസഭ ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാൻ നഗരസഭയ്‌ക്ക് അവകാശമില്ലെന്ന് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കണ്ടെത്തി.
2021ൽ ഓണാഘോഷങ്ങളുടെ ഭാഗമായി നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപ പണക്കിഴി കവറിലിട്ട് നൽകിയതും വൻ വിവാദമായി. എൽഡിഎഫ് കൗൺസിലർമാർ കവർ തിരികെനൽകി പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിജിലൻസിനു പരാതിയും നൽകി. അജിത തങ്കപ്പനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, താൽക്കാലിക നിയമനം, തോട് ശുചീകരണം, മാർക്കറ്റ് ലേലം, മാലിന്യസംസ്‌കരണം, ഓണാഘോഷ ക്രമക്കേട്, ബജറ്റ് പാസാക്കാനായി കൗൺസിലർമാർക്ക് സമ്മാനക്കൂപ്പൺ വിതരണം തുടങ്ങി നിരവധി പരാതികളിൽ വിജിലൻസ് കേസെടുത്തു. അഞ്ചുകൊല്ലത്തിനിടെ 12 വിജിലൻസ് കേസുകളുണ്ടായി.
തലമാറ്റം, അടിയോടടി
ഭരണം തുടങ്ങിയ നാൾമുതൽ ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റമുട്ടൽ. കാലാവധി പൂർത്തിയാക്കുന്പോൾ അജിത തങ്കപ്പൻ, രാധാമണി പിള്ള എന്നിവർ നഗരസഭ അധ്യക്ഷസ്ഥാനത്തെത്തി. എ എ ഇബ്രാഹിംകുട്ടി, പി എം യൂനസ്, അബ്ദു ഷാന, ടി ജി ദിനൂപ് എന്നിവർ വൈസ് ചെയർമാന്മാരുമായി. ആരോഗ്യ സ്ഥിരംസമിതിയിൽമാത്രം മൂന്ന് അധ്യക്ഷമാർ മാറി വന്നു. പൊതുമരാമത്ത് വകുപ്പിൽ രണ്ട് അധ്യക്ഷമാരും.
തോടില്ലാത്ത വാർഡിൽ ശുചീകരണം നടത്തിയെന്ന് രേഖയുണ്ടാക്കി പണം തട്ടി
മാലിന്യത്തിന്റെ അളവിൽ കൃത്രിമം കാട്ടി വ്യാജ ബില്ലിലൂടെ പണം തട്ടി
എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ലാപ്ടോപ് വിതരണത്തിലും അഴിമതി
മാലിന്യ പ്ലാന്റിന് സംസ്ഥാന സർക്കാർ 50 സെന്റ് നൽകിയെങ്കിലും തുടങ്ങിയില്ല
അപകടാവസ്ഥയിലായ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പുതുക്കിപ്പണിതില്ല
മാർക്കറ്റ് സമുച്ചയം ലേലം വിളിച്ചവർക്ക് തുറന്നുകൊടുത്തില്ല
വാതകശ്‌മശാനം പ്രവർത്തനരഹിതം
കുടിവെള്ളക്ഷാമം, ഗതാഗതക്കുരുക്ക്, മാലിന്യപ്രശ്നം എന്നിവ പരിഹരിച്ചില്ല








0 comments