"ജനകീയാസൂത്രണം– പിന്നിട്ട 30 വർഷങ്ങൾ’ ജില്ലാ പ്രവർത്തകസംഗമം
ജനകീയാസൂത്രണം ജനകീയചരിത്രമാകും: തോമസ് ഐസക്

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ജനകീയാസൂത്രണം പ്രവർത്തകസംഗമം മുൻ ധനമന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 12, 2026, 04:43 AM | 1 min read
വൈപ്പിൻ
ജനകീയാസൂത്രണ പ്രവർത്തകരുടെ ഓർമക്കുറിപ്പുകൾ ജനകീയ ചരിത്രമാക്കുമെന്ന് മുൻ മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ‘ജനകീയാസൂത്രണം– പിന്നിട്ട 30 വർഷങ്ങൾ’ ജില്ലാ പ്രവർത്തകസംഗമം വൈപ്പിനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യായിരംപേരുടെ കുറിപ്പുകൾ മൂന്ന് വാള്യമുള്ള പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ജനകീയാസൂത്രണ പ്രവർത്തകനായി എങ്ങനെ കടന്നുവന്നു, ഏത് മേഖലയിൽ പ്രവർത്തിച്ചു, ജനപ്രതിനിധിയാണോ ഉദ്യോഗസ്ഥനാണോ തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുത്തുക. കൂടാതെ 30 വർഷത്തെ വികസനരേഖകളും റിപ്പോർട്ടുകളും സമാഹരിക്കും. ഒന്നരലക്ഷം പേജുള്ള വിവരങ്ങൾ വെബ്സൈറ്റിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രൂപീകരണസമയത്ത് ജനപ്രതിനിധികളും ജീവനക്കാരുമായിരുന്നവർ നന്നായി ഇടപെട്ട് പ്രവർത്തിച്ചു. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും രംഗത്തിറങ്ങി. പുതിയ തലമുറയെക്കൂടി ഇനി രംഗത്തിറക്കണം. യുവാക്കളെ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾ തയ്യാറാക്കും. പഞ്ചായത്തുകളുടെ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർക്ക് കൈകാര്യം ചെയ്യാനാകും. കോളേജ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനും അവസരമൊരുക്കും. വിദ്യാർഥികളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന കൂട്ടായ്മയും ഇതോടെ രൂപപ്പെടും. ആവശ്യമുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് ഇവരുടെ സഹായം ലഭ്യമാക്കും– തോമസ് ഐസക് പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി അധ്യക്ഷനായി. 1996 മുതൽ ജനകീയാസൂത്രണത്തിന് നേതൃത്വം നൽകിയ ജനപ്രതിനിധികൾ, ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, രാഷ്ട്രീയ സംഘടനാ പ്രവർത്തകർ എന്നിവർ സംഗമത്തിനെത്തി. മാറുന്ന കാലത്തിനും പുതിയ സാമൂഹിക സാഹചര്യങ്ങൾക്കുമനുസരിച്ച് വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ തോമസ് ഐസക് ‘ജനകീയാസൂത്രണം’ ഓർമമരം നട്ടു. ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന ‘ജനകീയാസൂത്രണം: അനുഭവക്കുറിപ്പുകൾ’ പുസ്തകത്തിന്റെ 23 പേരുടെ മുൻകൂർ തുകയും തോമസ് ഐസക്കിന് കൈമാറി. കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പ്രൊഫ. പി കെ രവീന്ദ്രൻ, എം കെ ദേവരാജൻ, കെ എ അജിത്ത്, ഇ കെ ജയൻ, കെ കെ രവി, എം കെ രാജേന്ദ്രൻ, എം സി പവിത്രൻ എന്നിവർ സംസാരിച്ചു. എം എ ഹരിയും എൻ കെ സുരേഷും ചേർന്ന് സ്വാഗതഗാനം ആലപിച്ചു.







0 comments