Deshabhimani

മെട്രോ രണ്ടാംഘട്ടം

റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടുത്തയാഴ്ച

kochi metro

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ റെയിലുകള്‍ കൂട്ടിയോജിപ്പിക്കുന്നതിന്റെ ടെസ്റ്റ് വെല്‍ഡിങ് നടത്തിയപ്പോള്‍

വെബ് ഡെസ്ക്

Published on Nov 12, 2026, 04:40 AM | 1 min read

കൊച്ചി


മെട്രോ രണ്ടാംഘട്ട പാതയുടെ വയഡക്ടുകള്‍ 70 ശതമാനം പൂര്‍ത്തിയായി. ട്രാക്ക് നിര്‍മാണത്തിനുള്ള റെയിലുകള്‍ കൂട്ടിയോജിപ്പിക്കല്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ ജി പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു. ഇതിനായുള്ള യന്ത്രങ്ങള്‍ കൊച്ചിയില്‍ എത്തിച്ച്‌ ടെസ്റ്റ് വെല്‍ഡിങ് കഴിഞ്ഞു. സാംപിള്‍ പരിശോധനയ്ക്കായി ആരക്കോണം സതേണ്‍ റെയില്‍വേ ലബോറട്ടറിയിലേക്ക് അയക്കും. പരിശോധനാഫലം അനുകൂലമാണെങ്കില്‍ അടുത്തയാഴ്ച വെൽഡിങ് ആരംഭിക്കും.


നിലവില്‍ നിര്‍മാണം നടക്കുന്ന രണ്ടാംഘട്ട പാതയുടെ ഇരുദിശകളിലേക്കും (രണ്ടുലൈന്‍) 13 കിലോമീറ്റര്‍ ട്രാക്കിനുള്ള വയഡക്ട് പൂര്‍ത്തിയായി. ട്രാക്കിന് ആവശ്യമായ 44 കിലോമീറ്റര്‍ (2,700 മെട്രിക് ടണ്‍) റെയിലുകള്‍ എത്തിച്ചിരുന്നു. 18 മീറ്റര്‍ നീളത്തിലുള്ള റെയിലുകളാണ്‌ കൂട്ടിയോജിപ്പിക്കേണ്ടത്. രണ്ടാംഘട്ട പാതയ്ക്കായി ആകെ 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയംമുതല്‍ കാക്കനാട് വഴി സ്മാര്‍ട്ട്‌ സിറ്റിവരെ ഇതുവരെ 954 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സ്‌റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ​


വാട്ടര്‍മെട്രോ 
ടെര്‍മിനലുകളുടെ 
നിര്‍മാണം 
അവസാനഘട്ടത്തിൽ ​


സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ 15 പുതിയ ബോട്ടുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതിന്റെ ബിഡ് തുറന്ന് മൂല്യനിര്‍ണയം പുരോഗമിക്കുന്നു.


15 ഫ്ലോട്ടിങ് പോണ്ടൂണുകളുടെയും നിർമാണവും പൂര്‍ത്തിയായി. രണ്ടെണ്ണം സ്ഥാപിച്ചു. സൗത്ത് ചിറ്റൂരിലെ രണ്ടാമത്തെ പോണ്ടൂണ്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ഡ്രഡ്ജിങ് പ്രവൃത്തികള്‍ക്കുശേഷം ബാക്കി സ്ഥാപിക്കും. വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ മുംബൈ വാട്ടര്‍ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോവ വാട്ടര്‍ മെട്രോയ്ക്കായുള്ള ഡിപിആര്‍ തയ്യാറാക്കുന്നു. ത്രിപുര ടൂറിസം വികസനത്തിനായി ഫ്ലോട്ടിങ് റസ്‌റ്റോറന്റ് നിര്‍മിക്കാനുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. തുടര്‍നടപടികള്‍ ആരംഭിച്ചു. വിജയവാഡയില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സമര്‍പ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home