പറവൂർ താലൂക്കാശുപത്രിയിൽ വൻ ക്രമക്കേട്
നഗരസഭ നിയമിച്ച താൽക്കാലിക ജീവനക്കാർ ലക്ഷങ്ങൾ തട്ടി

പറവൂർ നഗരസഭ കവാടത്തിന് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ ധർണ നടത്തുന്നു
പറവൂർ
പറവൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഗവ. താലൂക്കാശുപത്രിയിൽ താൽക്കാലിക ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ. ആശുപത്രിയിലെ ലാബോറട്ടറിയിൽ നഗരസഭ നിയമിച്ച ഒമ്പത് ജീവനക്കാരാണ് വൻ ക്രമക്കേട് നടത്തിയത്.
എട്ട് മാസമായി ആറ് ലക്ഷം രൂപയോളം ഇവർ തട്ടിയെടുത്തതായാണ് വിവരം.
വിവിധ പരിശോധനകൾക്കായി രോഗികളിൽനിന്ന് പണം സ്വീകരിച്ച് രസീത് നൽകിയശേഷം ഇവ കംപ്യൂട്ടറിൽനിന്ന് ഡിലീറ്റ് ചെയ്ത് പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി. കുറ്റക്കാരെ പുറത്താക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ച എൽഡിഎഫ് അംഗങ്ങൾ നഗരസഭാ കവാടത്തിൽ ധർണ നടത്തി.
തട്ടിയെടുത്ത പണം ഒമ്പതുപേരും പങ്കിട്ടെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ വിവരം നഗരസഭ ഭരണനേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റി വിഷയം ചർച്ച ചെയ്തങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. രാജേഷ് തട്ടിപ്പുവിവരം റിപ്പോർട്ട് ചെയ്തു. ഒമ്പതുപേരെയും അടിയന്തരമായി ജോലിയിൽനിന്ന് നീക്കി ആരോഗ്യവകുപ്പ് വിജിലൻസിന് പരാതി നൽകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഭരണകക്ഷിയും നഗരസഭാ അധ്യക്ഷയും തയ്യാറായില്ല. തുടർന്നാണ് കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ ജെ ഷൈൻ, എൻ ഐ പൗലോസ്, എം കെ ബാനർജി, ഇ ജി ശശി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.










0 comments