നീന്തൽ പരിശീലനത്തിന് അതിഥിയായെത്തി ; ഹീറോയായി ആസിം ലോകവേദിയിലേക്ക്

ഇരുകൈകൾ ഇല്ലാത്ത ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻ പി മുഹമ്മദ് ആസിം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലക മിന്നുവിന്റെ സഹായത്തോടെ സ്‌കൂബാ ഡൈവിങ് നടത്തിയശേഷം കാൽ വിരൽ ഉയർത്തി സന്തോഷം പ്രകടിപ്പിക്കുന്നു. ഫോട്ടോ: സുനോജ് നൈനാൻ മാത്യു
വിവേക് വേണുഗോപാലന്‍
Published on Apr 02, 2025, 02:21 AM | 1 min read
കൊച്ചി : നീന്തൽ പരിശീലന ക്യാമ്പ് ഉദ്‌ഘാടനത്തിന് അതിഥിയായെത്തിയ പത്തൊൻപതുകാരൻ പി മുഹമ്മദ് ആസിം മടങ്ങിയത് പരിശീലകരുടെയും പഠിതാക്കളുടെയും സൂപ്പർ ഹീറോയായിട്ടാണ്. പരിശീലകരിൽ ഒരാളുടെ ചോദ്യമാണ് അതിഥിയെ സൂപ്പർ ഹീറോയാക്കിയത്. കൊച്ചി റീജണൽ സ്പോർട്സ് സെന്ററിലെ(ആർഎസ്‌സി) പരിശീലന ക്യാമ്പിലായിരുന്നു ഏവരെയും പ്രചോദിപ്പിച്ച രംഗം.
പ്രസംഗശേഷം ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങിയ പാരാ സ്വിമ്മിങ് ദേശീയ ജേതാവായ മുഹമ്മദ് ആസിമിനോട് സ്‌കൂബാ ഡൈവിങ് ചെയ്‌തിട്ടുണ്ടോയെന്നായിരുന്നു പരിശീലക മിന്നുവിന്റെ ചോദ്യം. എന്നാൽ നോക്കാമെന്ന് ഇരുകൈകളുമില്ലാത്ത ആസിമിന്റെ മറുപടി. ഡൈവിങ് ഉപകരണങ്ങളും ധരിച്ച് പൂളിലേക്കിറങ്ങി. അരമണിക്കൂറിനുശേഷം കരയ്ക്കു കയറിയപ്പോൾ എതിരേറ്റത് ഹർഷാരവങ്ങൾ. ‘‘വെള്ളത്തിന്റെ ആഴങ്ങളിലേക്ക് ശരീരം താഴുംതോറും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് അനുഭവിച്ചത്. മെയ് രണ്ടുമുതൽ നാലുവരെ പാരിസിൽ നടക്കുന്ന പാരാ സ്വിമ്മിങ് വേൾഡ് സീരീസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. അതിനുള്ള ഊർജംകൂടിയായി സ്‌കൂബാ ഡൈവിങ്. ആദ്യമായാണ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്. അതിന്റെ ആവേശത്തിലാണിപ്പോൾ. പാരിസിലേക്ക് പോകാനുള്ള വിസ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്’’–- ആസിം പറഞ്ഞു.
ദേശീയ–-സംസ്ഥാന തലത്തിൽ ബാക് സ്ട്രോക്, ഫ്രീ സ്‌റ്റൈൽ വിഭാഗം ജേതാവാണ്. കോഴിക്കോട് വെളിമണ്ണയാണ് സ്വദേശം. മേയര്‍ എം അനില്‍കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ പുട്ടവിമലാദിത്യ എന്നിവര്‍ ചേര്‍ന്ന് ആർഎസ്‍സി നൽകുന്ന ഒരുലക്ഷം രൂപയും കലക്ടര്‍ എന്‍ എസ് കെ ഉമേഷ് വെള്ളിനാണയവും ആസിമിന് സമ്മാനിച്ചു.










0 comments