കരളിൽ തറച്ച മീൻമുള്ള് നീക്കംചെയ്തു

കരളിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മീൻമുള്ള് രോഗിയെ കാണിക്കുന്ന ഗ്യാസ്ട്രോ സർജൻ ഡോ. ജോസഫ് ജോർജ്
ആലുവ
കരളിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത് ആലുവ രാജഗിരി ആശുപത്രി. വിട്ടുമാറാത്ത ചുമയും പനിയുമായി ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശിയായ മുപ്പത്താറുകാരനെ സ്കാൻ ചെയ്തപ്പോഴാണ് യുവാവിന്റെ കരളിൽ മീൻമുള്ള് തറച്ചത് കണ്ടെത്തിയത്.
സാധാരണ പനിയെന്ന് കരുതിയാണ് കോളേജ് അധ്യാപകനായ യുവാവ് രാജഗിരി ജനറൽ മെഡിസിൻ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടർ പെറ്റ് സ്കാൻ നിർദേശിച്ചു. വയറിൽ നടത്തിയ പരിശോധനയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവർ കരളിൽ അന്യവസ്തു കണ്ടെത്തി. ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ മീൻമുള്ള് അകത്തുപോയ വിവരം രോഗിയും അറിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ യുവാവ് വീട്ടിലേക്ക് മടങ്ങി.










0 comments