ad
Deshabhimani

മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നാടിന്‌ സമർപ്പിച്ചു

വികസനക്കുതിപ്പിൽ എറണാകുളം ഗവ.മെഡിക്കൽ കോളേജ്

super speciality block Kalamassery Medical College

എറണാകുളം ഗവ.മെഡിക്കൽ കോളേജിലെ മാതൃ– ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

വെബ് ഡെസ്ക്

Published on Mar 04, 2026, 02:46 AM | 2 min read


കൊച്ചി

സംസ്ഥാനത്തെ സർക്കാർ ആശുപത്രിമന്ദിരങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കെട്ടിടം ഇനി എറണാകുളം ഗവ. മെഡിക്കൽ കോളേജിന്‌ സ്വന്തം. കിഫ്‌ബിയിൽനിന്ന്‌ 368 കോടി ചെലവഴിച്ച്‌ ആറുബ്ലോക്കുകളിലായി 8.5 ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ നാടിന്‌ സമർപ്പിച്ചു.


ഐസിഎംആറിൽനിന്ന്‌ 1.97 കോടി രൂപ ചെലവിട്ട് നിർമിച്ച ലെവൽ 2 മൈക്രോബയോളജി ലാബ്, ഹെൽത്ത് ഹബ്ബിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന്‌ 2.50 കോടി ചെലവഴിച്ച് നിർമിച്ച 12 പേ വാർഡുകൾ, ത്വക്ക്‌രോഗ വിഭാഗത്തിനുകീഴിൽ അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തി ബിപിസിഎല്ലിന്റെ സഹകരണത്തോടെ സജ്ജീകരിച്ച കോസ്‌മെറ്റോളജി ക്ലിനിക്, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന്‌ രണ്ടുകോടി ചെലവഴിച്ച് നിർമിച്ച മൾട്ടിപാർക്കിങ്‌ ഷെഡ്, ആരോഗ്യ വകുപ്പിന്റെ 2023–24 പ്ലാൻഫണ്ടിൽനിന്ന്‌ 1.15 കോടി ചെലവഴിച്ച്‌ നിർമിച്ച അക്കാദമിക് ബ്ലോക്ക് ലിഫ്റ്റ് എന്നിവയുടെ ഉദ്ഘാടനവും 3.67 കോടി ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലുള്ള റോഡുകളുടെ നിർമാണോദ്ഘാടനവും മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി.


ഇടുക്കി–- കട്ടപ്പന റൂട്ടിൽ മെഡിക്കൽ കോളേജിലേക്ക് സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനം ചെയ്‌ത പദ്ധതികളുടെ ഫലക അനാച്ഛാദനവും സുവനീർ പ്രകാശിപ്പിക്കലും പി രാജീവ്‌ നിർവഹിച്ചു. ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ, കലക്ടർ ജി പ്രിയങ്ക, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ഇൻകെൽ എംഡി ഡോ. കെ ഇളങ്കോവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ ഷാഹിർഷാ, സിസിആർസി ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ, മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് എം ഗണേഷ് മോഹൻ, പ്രിൻസിപ്പൽ ഡോ. എസ് എസ് മിനി, വൈസ് പ്രിൻസിപ്പൽ ഡോ. പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.


veena


സൗജന്യ ചികിത്സയ്‌ക്കായി ചെലവഴിച്ചത് 
1600 കോടി: മന്ത്രി വീണാ ജോർജ്‌

ജനങ്ങൾക്ക് സൗജന്യ ചികിത്സയ്‌ക്കായി സംസ്ഥാന സർക്കാർ 1600 കോടി രൂപയാണ്‌ ചെലവഴിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യമേഖലയെ തകർക്കാൻ ഒരുവിഭാഗം ബോധപൂർവം ശ്രമിക്കുന്പോൾതന്നെയാണ്‌ കൊച്ചിൻ കാൻസർ സെന്ററും മെഡിക്കൽ കോളേജ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗവും ഉൾപ്പെടെ നിരവധി പദ്ധതികൾ യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


രോഗത്തിനുമുന്നിൽ ഒരാളും നിസ്സഹയരായി നിൽക്കരുതെന്ന്‌ സർക്കാരിന്‌ നിർബന്ധമുണ്ട്‌. ഇ‍ൗ കരുതലാണ്‌ ആരോഗ്യമേഖലയിൽ സമഗ്രമാറ്റത്തിന്‌ വഴിവച്ചത്‌. സർക്കാർ ആശുപത്രികളിലെ ഒപികളെ ആശ്രയിക്കുന്നവരുടെ എണ്ണം അഞ്ചിരട്ടിയായി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകൾ അടക്കം ആധുനിക ചികിത്സാസംവിധാനങ്ങൾ ഒരുക്കി. സ്ട്രോക്ക് യൂണിറ്റുകൾ, റോബോട്ടിക് സർജറി, മജ്ജ മാറ്റിവയ്‌ക്കൽ, അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് എസ്‌എംഎ പോലുള്ള അപൂർവരോഗങ്ങൾക്ക് സൗജന്യ ചികിത്സ തുടങ്ങി നിരവധി സ‍ൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.


പൊതുജനാരോഗ്യ മേഖലയെ കൂടുതൽപ്പേർ 
ആശ്രയിക്കുന്നത്‌ കേരളത്തിൽ: മന്ത്രി പി രാജീവ്

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുജനാരോഗ്യ മേഖലയെ ഏറ്റവും കൂടുതൽപ്പേർ ആശ്രയിക്കുന്നത്‌ കേരളത്തിലാണെന്ന് വ്യവസായമന്ത്രി പി രാജീവ്. ഗവ. മെഡിക്കൽ കോളേജിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ മറ്റൊരു മെഡിക്കൽ കോളേജുകളിലും ഇല്ലാത്ത അത്യാധുനിക സംവിധാനങ്ങളാണ്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഒരുക്കിയിരിക്കുന്നത്‌. കാർഡിയോ വാസ്കുലാർ സർജൻ ഉൾപ്പെടെ 90 തസ്തിക പുതുതായി സൃഷ്ടിച്ചു. കോസ്‌മെറ്റോളജി, വൈറോളജി വിഭാഗങ്ങൾക്കായും സൗകര്യം ഒരുക്കി. 10 വർഷംമുന്പ്‌ ആൻജിയോഗ്രാം പോലും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സാധ്യമായിരുന്നില്ല.


ഇന്ന്‌ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയവരെ ചെയ്യുന്നു. വർഷം 11 കോടി പേരാണ്‌ സർക്കാർ ആരോഗ്യ മേഖലയെ ആശ്രയിക്കുന്നത്‌. മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരുവർഷം 11 കോടി ജനങ്ങൾ എങ്ങനെ ആശുപത്രിയിൽ എത്തുമെന്നത്‌ സംശയമായി തോന്നാം. ഒരാൾതന്നെ പലതവണ ആശുപത്രിയിലെത്തുന്നതിനാലാണിത്‌. യുവാക്കൾ കേരളം വിടുന്നതിനാലാണ്‌ കേരളത്തിലെ ശിശുമരണനിരക്ക്‌ കുറയുന്നതെന്ന്‌ വളരെ പ്രമുഖനായ ഒരു നേതാവ്‌ പറയുന്നതുകേട്ടു. ശിശുമരണനിരക്ക്‌ കണക്കാക്കുന്നതിനെക്കുറിച്ചുപോലും ബോധ്യമില്ലാത്തവരാണ്‌ ഇത്തരം പ്രചാരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home