ചുട്ടുപൊള്ളുന്നു; വേണം കരുതൽ

കൊച്ചി
ജില്ലയിൽ ചൂട് റെക്കോഡ് ഭേദിച്ച് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അത്യുഷ്ണവും അൾട്രാവയലറ്റ് രശ്‌മികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. സൂര്യാഘാതം മൂലം മരണംവരെ സംഭവിക്കാനിടയുള്ളതിനാൽ പ്രതിരോധനടപടികൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. വെയിലത്ത് ജോലിചെയ്യുന്നവരും പുറത്തിറങ്ങുന്നവരും നിസാരമായ ലക്ഷണങ്ങൾപോലും അവഗണിക്കരുത്.
ലക്ഷണങ്ങൾ തിരിച്ചറിയാം
അമിതമായ വിയർപ്പ്, ക്ഷീണം,തലവേദന, തലകറക്കം എന്നിവ താപശരീര ശോഷണത്തിന്റെ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ശക്തികുറഞ്ഞ് അതിവേഗം നാഡിമിടിക്കുക, അസഹ്യമായ തലവേദന, തലകറക്കം, ഉയർന്ന ശരീരോഷ്‌മാവ്, വറ്റിവരണ്ട ചുവന്ന ചർമം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം. ആശുപത്രിയിലെത്തിക്കുന്നതുവരെ തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടച്ച് തണുപ്പിക്കണം.
തുടരണം ജാഗ്രത
പുറമേയുള്ള ജോലിചെയ്യുന്നവർ, ഫീൽഡ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ, വളന്റിയർമാർ തുടങ്ങിയവർ സുരക്ഷ ഉറപ്പാക്കണം. പകൽ 11 മുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്ന ജോലികൾ പരമാവധി ഒഴിവാക്കണം. ഹൃദ്‌രോഗം, പ്രമേഹം, ചർമരോഗങ്ങൾ, അർബുദം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, കുട്ടികൾ തുടങ്ങിയവരും ചൂടുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. വീട്ടിലും തൊഴിലിടത്തും വായുസഞ്ചാരം ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കാൻ ജലാംശമുള്ള ഭക്ഷണങ്ങൾ ശീലമാക്കണം. ചായ, കാപ്പി, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കണം.











0 comments