ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

കൊച്ചി
വിജ്ഞാനവും സാങ്കേതികവിദ്യയും സർഗാത്മകതയും ഒന്നിപ്പിച്ച് ജെയിൻ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാംപതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്‌തു.
ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് അധ്യക്ഷനായി. ‘ജെയിൻ ആക്സിലറേറ്റർ' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. സമ്മിറ്റ് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ–വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത തുടങ്ങിയവർ സംസാരിച്ചു.
29 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുനൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്രവിദഗ്ധർ പങ്കെടുക്കുന്ന സംഗമത്തിൽ രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കും.
നാലുദിവസത്തെ ഡ്രോൺഷോ സമ്മിറ്റിന്റെ പ്രധാന ആകർഷണമാണ്. ലോകോത്തര വാഹനങ്ങൾ അണിനിരക്കുന്ന ഓട്ടോ എക്സ്പോ, റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ‘റോബോവേഴ്സ്', ഇ സ്പോർട്സ് മത്സരങ്ങൾ, ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ജോണിറ്റ ഗാന്ധി, നികിത ഗാന്ധി, അറിവ് തുടങ്ങിയവർ അണിനിരക്കുന്ന സംഗീതനിശകളും അരങ്ങേറും.









0 comments