ശ്രീനാരായണ ദർശനോത്സവം ഇന്ന് തുടങ്ങും

പറവൂർ
എസ്എൻഡിപി യോഗം പറവൂർ യൂണിയൻ നടത്തുന്ന ശ്രീനാരായണ ദർശനോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ പതാക ഉയർത്തും. 9.30ന് അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തും.
പകൽ 11ന് ദർശനോത്സവ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് പ്രഭാഷണവും തുടർന്ന് കലാപരിപാടികളും നടക്കും. ദർശനോത്സവ വേദിയിൽ ഉയർത്താനുള്ള കൊടിമരം നീണ്ടൂർ ശാഖയിൽനിന്നും കൊടി വെളിയത്തുനാട് ശാഖയിൽനിന്നും കൊടിക്കയർ പടിഞ്ഞാറെ മടപ്ലാതുരുത്ത് ശാഖയിൽനിന്നും ഘോഷയാത്രയായി എത്തി പറവൂർ യൂണിയൻ ഓഫീസ് അങ്കണത്തിൽ സംഗമിച്ചു. പിന്നീട് ദർശനോത്സവ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവവിഗ്രഹം, കൊടിമരം, കൊടി, കൊടിക്കയർ എന്നിവ രഥഘോഷയാത്രയായി എസ്എൻവി സ്കൂളിലെത്തിച്ചു.
കലാമണ്ഡലം ഡോ. ധനുഷ സന്യാലിന്റെ നേതൃത്വത്തിൽ 1000 കലാകാരികൾ പങ്കെടുത്ത നൃത്തശിൽപ്പം അരങ്ങേറി. എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. ദർശനോത്സവ സദ്യക്കായുള്ള കലവറ നിറയ്ക്കൽ പൊൻകതിർ ഫുഡ്സ് എംഡി പി ആർ ബിജോയ് നിർവഹിച്ചു. 11ന് ദർശനോത്സവം സമാപിക്കും.









0 comments