ad
Deshabhimani

വിജയവാനിൽ കോതമംഗലം

school games

റവന്യു ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കോതമംഗലം ഉപജില്ലാ ടീം

avatar
സ്വന്തം ലേഖകൻ

Published on Oct 16, 2025, 03:24 AM | 2 min read

കോതമംഗലംആദ്യാവസാനം ട്രാക്കും പിറ്റും ഫീൽഡും അടക്കിവാണ കോതമംഗലം വീണ്ടും ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടം ഉയർത്തി. തുടർച്ചയായി 22–ാംതവണയാണ്‌ കിരീടം നേടുന്നത്‌. സ്‌കൂളുകളിൽ കോതമംഗലം മാർബേസിൽ എച്ച്‌എസ്‌എസാണ്‌ ചാന്പ്യന്മാർ. മിന്നും പ്രകടനങ്ങളുടെ മികവിൽ കോതമംഗലവും മാർബേസിലും കപ്പ്‌ ഉയർത്തിയപ്പോൾ എതിരാളികൾ ഇക്കുറിയും കാഴ്‌ചക്കാരായി. വെല്ലുവിളികളോ പ്രതിബന്ധങ്ങളോ ഇല്ലാതെയായിരുന്നു കിരീടക്കുതിപ്പ്‌.


267 പോയിന്റുകൾ കോതമംഗലം വാരി. സ്വർണം 35, വെള്ളി 26, വെങ്കലം 13 എന്നിങ്ങനെയാണ്‌ മെഡൽ. രണ്ടാമതുള്ള അങ്കമാലിക്ക്‌ നേടാനായത്‌ 217 പോയിന്റ്‌. 26 സ്വർണവും 10 വെള്ളിയും 22 വെങ്കലവുമുണ്ട്‌. 75 പോയിന്റുമായി പെരുന്പാവൂർ മൂന്നാമതെത്തി. ഏഴുവീതം സ്വർണവും വെള്ളിയും 11 വെങ്കലവുമാണ്‌ കരസ്ഥമാക്കിയത്‌.

209 പോയിന്റാണ്‌ മാർ ബേസിൽ സ്വന്തമാക്കിയത്‌. 52 പോയിന്റുള്ള മൂക്കന്നൂർ എസ്‌എച്ച്‌ഒഎച്ച്‌എസ്‌ രണ്ടാംസ്ഥാനം സ്വന്തമാക്കി. 48 പോയിന്റോടെ വെങ്ങോല ശാലേം എച്ച്‌എസ്‌ മൂന്നാമതായി.


ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും മാർബേസിൽ തന്നെയാണ്‌ ഒന്നാമത്‌. ആൺകുട്ടികളിൽ 118 പോയിന്റുണ്ട്‌. 25 പോയിന്റോടെ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സും 21 പോയിന്റുമായി സെന്റ്‌ സ്‌റ്റീഫൻസ്‌ കീരംപാറ മൂന്നാമതുമായി. പെൺകുട്ടികളുടേതിൽ 91 പോയിന്റാണ്‌ മാർബേസിലിന്‌. 43 പോയിന്റോടെ വെങ്ങോല ശാലേം എച്ച്‌എസ്‌ രണ്ടാംസ്ഥാനം നേടി. 34 പോയിന്റുമായി എസ്‌എച്ച്‌ഒഎച്ച്‌എസ്‌ മൂക്കന്നൂർ മൂന്നാമതെത്തി.

അഞ്ച്‌ ദിവസങ്ങളിലായി നടന്ന മേളയിൽ ആകെയുണ്ടായത്‌ ഒരു റെക്കോഡ്‌. സബ്‌ജൂനിയർ 200 മീറ്ററിൽ എഡിസൺ മനോജാണ്‌ പുതിയസമയം കുറിച്ചത്‌. ഇതൊഴികെ റെക്കോഡ്‌ പ്രകടനങ്ങൾ ഒന്നുമുണ്ടായില്ല. ചിലയിനങ്ങളിൽ പങ്കെടുക്കാൻ ടീമുകളും മത്സരാർഥികളുമുണ്ടായില്ല.



ആന്റണി ജോൺ എംഎൽഎ വിജയികൾക്ക്‌ ട്രോഫി സമ്മാനിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. ജോസ് വർഗീസ്, സുബിൻ പോൾ, ബോബി ജോർജ്, കെ എ സജീവ്. ജോമോൻ ജോസ്, അജിമോൻ പൗലോസ്, തോമസ് പീറ്റർ, സി സഞ്ജയ്‌ കുമാർ, സി എ അജ്മൽ, സെലിൻ ജോർജ്, എം എം നാസർ, ഡോ. ഡി ജെ സതീഷ്, എൽദോ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.


മിന്നും താരങ്ങൾ, ഇവർ ചാന്പ്യന്മാർ


കോതമംഗലം


ജില്ലാകായികമേളയിൽ സീനിയർവിഭാഗം ആൺകുട്ടികളിൽ കോതമംഗലം മാർ ബേസിൽ താരങ്ങളായ മുഹമ്മദ്‌ അലി ജ‍ൗഹറും ബേസിൽ ബെന്നി ജേക്കബും വ്യക്തിഗത ചാന്പ്യന്മാർ. മേളയിലെ വേഗതാരമായ മുഹമ്മദ്‌ അലി ജ‍ൗഹർ 100, 200, 400 മീറ്ററുകളിലാണ്‌ പൊന്നണിഞ്ഞത്‌. 400 മീറ്റർ ഹർഡിൽസ്‌, 1500, 800 മീറ്ററുകളിലും ജേതാവാണ്‌ ബേസിൽ ബെന്നി ജേക്കബ്‌.



സീനിയർ പെൺകുട്ടികളിൽ അബിന മരിയ ജെയിനും കീർത്തന കലേഷും ചാന്പ്യന്മാരായി. സെന്റ്‌ സ്‌റ്റീഫൻസ്‌ കീരംപാറയുടെ താരമാണ്‌ അബിന. ഹാമർ ത്രോ, ഡിസ്‌കസ്‌, ഷോട്ട്‌പുട്ട്‌ ഇനങ്ങളിൽ പൊന്നണിഞ്ഞു. 3000, 800, 1500 ഇനങ്ങളിൽ ജേത്രിയായ കീർത്തന കലേഷ്‌ മാർബേസിൽ താരമാണ്‌.



ജൂനിയർവിഭാഗം ആൺകുട്ടികളിൽ മൂക്കന്നൂർ എച്ച്‌എസ്‌എസിന്റെ അലൻ ബൈജുവും മാർ ബേസിലിന്റെ ഡാനിയൽ ഷാജിയും പെൺകുട്ടികളിൽ സെന്റ്‌ സ്‌റ്റീഫൻസ്‌ കീരംപാറയുടെ അദബിയ ഫർഹാനുമാണ്‌ ചാന്പ്യൻമാർ. അലൻ 100 മീറ്റർ, ലോങ്‌ ജന്പ്‌, 1500 മീറ്ററിലും ഡാനിയൽ 800, 400, 200 മീറ്ററുകളിലും ജേതാവായി. അദബിയ100, ലോങ്‌ജന്പ്‌, ട്രിപ്പിൾ മത്സരങ്ങളിലാണ്‌ ഒന്നാമതായത്‌. ഏഴ്‌ പേർക്കും 15 വീതം പോയിന്റുണ്ട്‌.



സബ്‌ജൂനിയർ ആൺകുട്ടികളിൽ മാർ ബേസിലിന്റെ റോമൽ ജോസഫ്‌ ചാന്പ്യനായി. 80 മീറ്റർ ഹർഡിൽസിലും ഹൈജംപിലും സ്വർണം, ലോങ്‌ജന്പിൽ വെള്ളിയും നേടി. പോയിന്റ 13. പെൺകുട്ടികളിൽ നായരന്പലം ഭഗവതി വിലാസം എച്ച്‌എസിലെ കെ ജെ അമീഷയും വെങ്ങോല ശാലേം ഹൈസ്‌കൂളിലെ വൈഗയുമാണ്‌ ചാന്പ്യന്മാർ. അമീഷ 400, 600 മീറ്ററിൽ പൊന്നണിഞ്ഞു. വൈഗ 100, 200 മീറ്ററിൽ സ്വർണം നേടി. ഇരുവർക്കും പത്ത്‌ വീതം പോയിന്റുണ്ട്‌.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home