ad
Deshabhimani

വികസനം തുടരണം ; എൽഡിഎഫ്‌ ചരിത്രവിജയം നേടും : എസ്‌ സതീഷ്‌

satheesh
വെബ് ഡെസ്ക്

Published on Dec 08, 2025, 02:45 AM | 2 min read


കൊച്ചി

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്‌ മണിക്കൂറുകൾമാത്രം ബാക്കി. മാസങ്ങൾനീണ്ട വിശ്രമമില്ലാത്ത പ്രവർത്തനത്തിലായിരുന്നു ജില്ലയിലെ എൽഡിഎഫ്‌ പ്രവർത്തകർ. സീറ്റ്‌ വിഭജനംമുതൽ സ്ഥാനാർഥിനിർണയംവരെ അപസ്വരം ലേശമില്ലാതെ പൂർത്തിയാക്കിയത്‌ എതിർപക്ഷത്തിന്‌ അവകാശപ്പെടാനാകാത്ത മേന്മയായി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാഷ്‌ട്രീയവിവേചനമില്ലാതെ നടപ്പാക്കിയ വികസന, ക്ഷേമപ്രവർത്തനങ്ങൾതന്നെയായിരുന്നു പ്രചാരണത്തിലെ ഹൈലൈറ്റ്‌. എതിരാളികളുടെ രാഷ്‌ട്രീയകാപട്യവും നാടിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളും തുറന്നുകാണിച്ചു. ആദ്യവസാനം ചിട്ടയോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക്‌ പരിസമാപ്‌തിയാകുന്നു. വ്യവസായ, കാർഷിക മേഖലകൾക്ക്‌ തുല്യപ്രാധാന്യമുള്ള ജില്ല, വികസനത്തിലും ക്ഷേമത്തിലുമൂന്നിയ എൽഡിഎഫ്‌ അജൻഡയ്‌ക്ക്‌ ഹൃദയാംഗീകാരം നൽകുമെന്ന്‌ തെരഞ്ഞെടുപ്പ്‌ വാർ റൂമിനെ നയിച്ച സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷിന്‌ ഉറപ്പ്‌. അദ്ദേഹവുമായുള്ള അഭിമുഖത്തിൽനിന്ന്‌:


ചരിത്രവിജയം നേടും

കുറ്റമറ്റനിലയിൽ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളാകെ പൂർത്തിയാക്കിയ എൽഡിഎഫ്‌, ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലും ചരിത്രവിജയം നേടും. തുടക്കംമുതൽ ചിട്ടയോടെയാണ്‌ പ്രവർത്തനങ്ങൾ മുന്നേറിയത്‌. സീറ്റ്‌ വിഭജനം അനായാസം പൂർത്തിയാക്കി. ബന്ധപ്പെട്ട കമ്മിറ്റികളുടെ നിർദേശങ്ങൾ പരിഗണിച്ചുതന്നെ സ്ഥാനാർഥികളെ നിശ്ചയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾമുതൽ ജില്ലാകമ്മിറ്റി അംഗങ്ങൾവരെയുള്ളവർക്ക്‌ പ്രത്യേകം ചുമതലകൾ നൽകി. വർഗബഹുജന സംഘടനകളെ ഉൾപ്പെടെ ചേർത്ത്‌ പ്രവർത്തനപരിപാടി തയ്യാറാക്കി. എല്ലാം നിശ്ചയിച്ചപ്രകാരം കുറ്റമറ്റനിലയിൽ ആദ്യവസാനം മുന്നേറി. ​


പ്രചാരണത്തിലെ 
ഉ‍ൗന്നൽ

സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങൾക്ക്‌ ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമുണ്ട്‌. രാഷ്‌ട്രീയ വിവേചനമില്ലാതെ തദ്ദേശതലംവരെ അതെത്തി. എൽഡിഎഫ്‌ ഭരിച്ച തദ്ദേശസ്ഥാപനങ്ങൾ അവ നല്ലനിലയിൽ നടപ്പാക്കി. അല്ലാത്തയിടങ്ങളിൽ അവഗണിച്ചത്‌ പിന്നോട്ടടിയായി. തൃക്കാക്കര നഗരസഭയിലും ട്വന്റി 20 ഭരിച്ച പഞ്ചായത്തുകളിലും ലൈഫ്‌ ഭവനപദ്ധതി നടപ്പാക്കാതിരുന്നത്‌ ഉദാഹരണം. അതിനെല്ലാമെതിരെ എൽഡിഎഫ്‌ നടത്തിവന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി കുറ്റപത്രം തയ്യാറാക്കി അവതരിപ്പിച്ചു. നാടിന്റെ വികസനാവശ്യം സംബന്ധിച്ച്‌ ജനങ്ങളിൽനിന്നുള്ള നിർദേശംകൂടി സ്വീകരിച്ചാണ്‌ എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയത്‌. അതിൽപ്പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന ഉറപ്പാണ്‌ എൽഡിഎഫ്‌ നാടിന്‌ നൽകുന്നത്‌.


ജില്ലാപഞ്ചായത്ത്‌, 
 കൊച്ചി കോർപറേഷൻ

രണ്ടിലും എൽഡിഎഫ്‌ അഭിമാനകരമായ വിജയം നേടും. ജില്ലാപഞ്ചായത്തിൽ തുടർച്ചയായ യുഡിഎഫ്‌ ഭരണം ജില്ലയുടെ സമഗ്രവികസനത്തിന്‌ ഒന്നും സംഭാവനചെയ്‌തില്ല. അധികാരത്തർക്കവും തമ്മിലടിയുമായിരുന്നു. മാറ്റം ജനം ആഗ്രഹിക്കുന്നു. എന്നാൽ, അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിലൂടെ കൊച്ചി എങ്ങനെ മാറിയെന്ന്‌ നഗരവാസികൾ കാണുന്നു. അതിന്‌ തുടർച്ചയുണ്ടാകണമെന്ന്‌ അവർ ആഗ്രഹിക്കുന്നു.

കോൺഗ്രസ്‌ 
ആരോപണത്തെക്കുറിച്ച്‌

ഒരുവികസനവും നടന്നില്ലെന്ന് അവർ തുടർച്ചയായി പറയുന്നത്‌ വെപ്രാളംകൊണ്ടാണ്‌. യാഥാർഥ്യം ജനം തിരിച്ചറിഞ്ഞതാണ്‌ വെപ്രാളത്തിന്‌ കാരണം.


യുഡിഎഫിന്റെ 
അവിശുദ്ധ സഖ്യങ്ങൾ

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റ മണ്ഡലത്തിലടക്കം നാല്‌ വോട്ടിനായി വർഗീയശക്തികളുമായി കൂട്ടുകൂടുകയാണ്‌. ഇ‍ൗ വിഷയത്തിൽ ഇതുവരെ മറുപടിയില്ല. ബിജെപി സ്ഥാനാർഥികളെ നിർത്താത്തതിൽ കോൺഗ്രസിന്‌ ആശങ്കയില്ലാത്തത്‌ അവർ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്‌. പറവൂരിൽ മുസ്ലിംലീഗ്‌ ഒരു സീറ്റിലും മത്സരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയാണ് അവിടെ ഘടകകക്ഷി. കടമക്കുടി ഡിവിഷനിലാകട്ടെ നാമനിർദേശപത്രിക തള്ളിയതിനാൽ യുഡിഎഫിന്‌ സ്ഥാനാർഥിയില്ല. എൽഡിഎഫും ബിജെപിയും തമ്മിലാണ്‌ മത്സരം. അവിടെ കോൺഗ്രസ്‌ പ്രവർത്തകർ ആർക്ക്‌ വോട്ട്‌ ചെയ്യുമെന്ന്‌ വ്യക്തമാക്കണം.


എന്തുകൊണ്ട്‌ 
എൽഡിഎഫ്‌

സംസ്ഥാനസർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി വലിയ നേട്ടമുണ്ടായ ജില്ലയാണിത്‌. തദ്ദേശതലത്തിൽ ജില്ലയിൽ യുഡിഎഫിന്‌ മേൽക്കൈയുണ്ടായിരുന്നപ്പോഴാണിത്‌. എൽഡിഎഫ്‌ പറയുന്നതെല്ലാം ചെയ്യുന്നുവെന്ന ബോധ്യം ജനങ്ങൾക്കുണ്ട്‌. അതെല്ലാം തദ്ദേശതെരഞ്ഞെടുപ്പിൽ വലിയതോതിൽ പ്രതിഫലിക്കുമെന്ന്‌ ഉറപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home