രായമംഗലം പഞ്ചായത്ത്
ദേശീയ അംഗീകാര നിറവില്‍ കീഴില്ലം, പുല്ലുവഴി ആരോഗ്യ കേന്ദ്രങ്ങള്‍

പെരുമ്പാവൂർ
രായമംഗലം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കീഴില്ലം, പുല്ലുവഴി ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡെയ്സേഷൻ (എൻക്യുഎഎസ്) അംഗീകാരമാണ് പഞ്ചായത്തിന് ലഭിച്ചത്. എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം പഞ്ചായത്തിനും വിവിധ ഘടകസ്ഥാപനങ്ങൾക്കും നിരവധി ദേശീയ–സംസ്ഥാന–ജില്ലാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവഴിച്ച് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ജനങ്ങൾക്ക് വീടിന് ഏറ്റവും സമീപത്തായി ഫാർമസി, ലാബ്, പ്രഥമശുശ്രൂഷ ഇ സഞ്ജീവനി വഴി ഡോക്ടറുടെ സേവനം, പാലിയേറ്റീവ് പരിചരണം, കിടപ്പുരോഗി പരിചരണം, ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വരുന്നവർക്കുള്ള പരിചരണം തുടങ്ങിയ മാറ്റങ്ങൾ വരുത്തി.
മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഡോക്ടറുടെ സ്ഥിരം സേവനം ലഭ്യമാക്കി. 55 ലക്ഷം രൂപ ചെലവഴിച്ച് നെല്ലിമോളത്ത് പുതിയ ജനകീയ ആരോഗ്യകേന്ദ്രം സ്ഥാപിച്ചിരുന്നു. 2021–22 എൻക്യുഎഎസ് അംഗീകാരം കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ അവാർഡ്, ആർദ്രകേരളം പുരസ്കാരം, തദ്ദേശവകുപ്പിന്റെ സ്വരാജ് പുരസ്കാരവും ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രതിദിനം 300 ഓളം രോഗികൾ എത്തുന്നുണ്ട്. ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്ത് ആശുപത്രിയിൽ വരാനുള്ള സൗകര്യം ഉൾപ്പെടെ ആധുനികസജ്ജീകരണങ്ങളോടുകൂടിയാണ് രായമംഗലം കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ അറിയിച്ചു.










0 comments