ad
Deshabhimani

പുഴവൂർ ബൈലെയ്‌നിൽ ദുരിതജീവിതം

കാനയില്ലാതെ റോഡ്‌, 
മഴ പെയ്താൽ പുഴയാകും

Rain

പുഴവൂർ ബൈലെയ്‌നിലെ ടൈൽ 
വിരിച്ച റോഡ്‌ പായൽപിടിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Mar 11, 2026, 01:40 AM | 2 min read

പറവൂർ

കാനയില്ലാതെ റോഡ് നിർമിച്ചതിനെ തുടർന്ന് തോന്ന്യകാവ് - അത്താണി റോഡിന് സമീപത്തുള്ള പുഴവൂർ ബൈലെയ്‌ൻ റോഡിലെ ഇരുപതോളം വീട്ടുകാർ ദുരിതത്തിൽ. പറവൂർ നഗരസഭ 23–-ാംവാർഡിലും ഏഴിക്കര പഞ്ചായത്തിലെ അഞ്ചാംവാർഡിലും ഉൾപ്പെട്ട റോഡാണിത്. 2022-–23ൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 19 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർക്കായിരുന്നു നിർമാണച്ചുമതല.


സിമന്റ്‌ ടൈൽ വിരിച്ച റോഡിനൊപ്പം കാനയുംകൂടി ഉൾപ്പെടുത്തിയാണ് ടെൻഡർ പൂർത്തീകരിച്ചതെങ്കിലും വെള്ളക്കെട്ടുള്ള ഭാഗത്ത് ഉയർത്താതെയും കാന ഒഴിവാക്കിയുമാണ് റോഡ് നിർമിച്ചത്. തോന്ന്യകാവ് - അത്താണി റോഡിൽനിന്ന്‌ ഏറെ താഴ്ചയിലാണ് പുഴവൂർ ബൈലെയ്‌ൻ റോഡ്. ഇതോടെ ചെറിയമഴ പെയ്താൽ പുറത്തിറങ്ങാനാകാതെ ദുരിതത്തിലാണ് ഇവിടെയുള്ള വീട്ടുകാർ. ടൈൽ റോഡ് അവസാനിക്കുന്നത് ഏഴിക്കര പഞ്ചായത്തിന്റെ പ്രദേശത്താണ്. കാന നിർമിച്ചാൽ ഏഴിക്കര പഞ്ചായത്തിന്റെ കാനയിലേക്ക് വെള്ളം ഒഴുക്കിവിടാനാകും.


ചിലർ തടസ്സംനിന്നതാണ് കാന നിർമിക്കാത്തതിന്‌ കാരണമെന്നാണ്‌ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ വാദം. നിലവിലെ ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായ പി പത്മകുമാരി റോഡ് നിർമിക്കുന്ന സമയത്ത് ഏഴിക്കര പഞ്ചായത്തിലെ ഈ വാർഡിലെ അംഗമാണ്. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ സീന സജീവാണ് നിലവിലെ വാർഡ് മെമ്പർ. ഇരുവരും പ്രശ്നപരിഹാരത്തിന്‌ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെറിയമഴ പെയ്താൽപോലും വെള്ളം ഒഴുകിപ്പോകാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ദിവസങ്ങളോളം കെട്ടിനിൽക്കും. സിമന്റ്‌ ടൈൽ ആയതിനാൽ പെട്ടെന്ന് പായൽപിടിച്ച്‌ വഴുക്കൽ ഉണ്ടാകുകയും ചെയ്യും. കഴിഞ്ഞ മഴക്കാലത്ത് നിരവധിപേർക്ക് തെന്നിവീണ് അപകടംപറ്റി.

പ്രദേശവാസിയായ മാടമ്പി വീട്ടിൽ സിന്ധു സുരേഷ് നിരവധി പരാതികൾ മുഖ്യമന്ത്രി, മന്ത്രിമാർ, കലക്ടർ എന്നിവർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുക്കേണ്ട നഗരസഭ ഭരണനേതൃത്വവും സെക്രട്ടറിയും മുഖംതിരിഞ്ഞുനിൽക്കുകയാണ്. പഞ്ചായത്ത് നിവാസികളുടെ എതിർപ്പുമൂലമാണ് കാന നിർമിക്കാതിരുന്നതെന്നാണ് നഗരസഭ സെക്രട്ടറിയുടെ വാദം. എന്നാൽ, അത്തരമൊരു പരാതി ഏഴിക്കര പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു. അനുമതി നൽകാൻ പ്രശ്നമില്ലെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ നിലപാട്.


പറവൂർ നഗരസഭയുടെയും ഏഴിക്കര പഞ്ചായത്തിന്റെയും ഭരണനേതൃത്വം ഇടപെട്ടാൽ തീരുന്നതാണ്‌ പ്രശ്‌നം. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണത്തിലെ അപാകം പരിഹരിക്കാൻ ബാധ്യതയുള്ളവരും ഇതിൽ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്. അടുത്ത മഴക്കാലമായാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ എങ്ങിനെ പുറത്തിറങ്ങുമെന്നറിയാതെ ആശങ്കയിലാണിവർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home