കോരിയെടുത്തത് ജീവൻ ; രക്ഷകൻ രാഘവനുണ്ണി

കൊച്ചി
ഒരുനിമിഷം വൈകിയിരുന്നെങ്കിൽ റെയിൽട്രാക്കിൽ ഒടുങ്ങുമായിരുന്നു ആ ജീവൻ. ഓടുന്ന ട്രെയിനിൽനിന്ന് യാത്രക്കാരി വീണതുകണ്ടയുടൻ രാഘവനുണ്ണി മിന്നൽവേഗത്തിൽ അവരെ കോരിയെടുത്തു. പിന്നെ, നന്ദിവാക്കിനുപോലും കാത്തുനിൽക്കാതെ സ്‌റ്റേഷനിലെ ജോലികൾ തുടർന്നു. ‘‘അവർ ആരെന്നോ, എവിടെയാണെന്നോ എനിക്കറിയില്ല. എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ. അതുമതി. ഞാനൊരു സഹായം ചെയ്‌തു, അത്രമാത്രം’’–രാഘവനുണ്ണിയുടെ വാക്കുകൾ.
എറണാകുളം സൗത്ത് റെയിൽവേ ഡിപ്പോയിലെ ഇലക്‌ട്രിക്കൽ ടെക്‌നീഷ്യനായ വി ആർ രാഘവനുണ്ണിയുടെ സമയോചിത ഇടപെടലിലാണ് ട്രെയിൻയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടത്. ഒമ്പതിന് പുലർച്ചെ 12.45ന് നോർത്ത് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. രാജ്യറാണി എക്‌സ്‌പ്രസിൽനിന്നാണ് യാത്രക്കാരി വീണത്. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒരു കൈ വാതിലിൽനിന്ന് വിട്ടിരുന്നില്ല. മറുകൈയിൽ കവറും. ട്രെയിൻ ഓടിതുടങ്ങിയിരുന്നു. ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലൂടെ അവർ ട്രാക്കിലേക്ക് പതിക്കാൻ തുടങ്ങിയതും രാഘവനുണ്ണി അവരെ കോരിയെടുത്തു. കൈ വാതിൽപ്പിടിയിൽനിന്ന് വിടുവിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദനപ്രവാഹമാണ് രാഘവനുണ്ണിയെ തേടിയെത്തുന്നത്.
"എട്ടിന് വൈകിട്ട് നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്യൂട്ടിക്ക് എത്തിയതാണ്. കൂടെ സഹപ്രവർത്തകൻ വിഷ്‌ണുവുമുണ്ടായിരുന്നു. ഫാനുകളും ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നോ എന്നറിയാനായിരുന്നു ഡ്രൈവ്. അതിനിടെയാണ് ഇൗ സംഭവം കണ്ടത്. അവരുമായി സംസാരിക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ ആഘാതത്തിലായിരുന്നുവെന്ന് തോന്നുന്നു. കുറച്ചുവർഷങ്ങൾക്കുമുമ്പും ഒരു യാത്രക്കാരിയെ ഇതുപോലെ രക്ഷിച്ചിരുന്നു''–രാഘവനുണ്ണി പറഞ്ഞു. പാലക്കാട് പറളി സ്വദേശിയാണ്. ഭാര്യ: രേഷ്‌മ. മകൾ: അവനി.









0 comments