ad
Deshabhimani

മണികണ്ഠൻചാലിന്‌ നോവായി രാധാകൃഷ്ണൻ മടങ്ങി

radhakrishnan manikandanchal
avatar
ജോഷി അറക്കൽ

Published on Jul 01, 2025, 04:06 AM | 1 min read


കോതമംഗലം

മണികണ്ഠൻചാൽ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി രാധാകൃഷ്‌ണന്‌ (ബിജു) വിട നൽകി. കഴിഞ്ഞ ബുധൻ രാവിലെയാണ് ബസ് ജീവനക്കാരനായ ബിജു നടന്നുവരുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ആറാം ദിവസമാണ്‌ മൃതദേഹം കണ്ടെടുത്തത്‌. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്‌ത മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയശേഷം പൂയംകുട്ടി സെന്റ്‌ ജോർജ് പള്ളിയിലെത്തിച്ചു. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമെ ആന്റണി ജോൺ എംഎൽഎ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ എം അനിൽകുമാർ ഉൾപ്പെടെയുള്ള നിരവധിപേർ ബിജുവിന് അന്തിമോപചാരമർപ്പിച്ചു. ചടങ്ങുകൾക്കുശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.


ബ്ലാവനയ്‌ക്കുസമീപത്ത് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ തിങ്കളാഴ്‌ചയാണ്‌ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയാണ്‌ മൃതദേഹം കരയ്‌ക്കെത്തിച്ചത്‌. കനത്തമഴയെത്തുടർന്ന് വെള്ളത്തിൽ മുങ്ങിയിരുന്ന മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ബിജു കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേന, എൻഡിആർഎഫ്‌, നാവികസേന എന്നിവ വിവിധ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പുഴ കടന്നുപോകുന്ന ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ചപ്പാത്തിന് ഒരു കിലോമീറ്ററോളം താഴെയായാണ് മൃതദേഹം പൊങ്ങിയത്. അമ്മ മേരി, ഭാര്യ സിൽവി, മക്കളായ ബിബിൻ, ബിബിന എന്നിവരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ബിജു. കുടുംബത്തെ സഹായിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആന്റണി ജോൺ എംഎൽഎയോട്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home