പറവൂരിലുണ്ട് തട്ടിപ്പിന്റെ ‘പുനർജനി സ്‌മാരകങ്ങൾ’

മുട്ടിക്കപ്പാടത്ത് പുനർജനി ഫ്ലാറ്റിനായിട്ട കല്ല്
കൊച്ചി
പറവൂർ എളന്തിരക്കര താഴഞ്ചിറ പാടശേഖരത്തിന്റെ ഭാഗമായി മുട്ടിക്കപ്പാടത്ത് വലിയൊരു കല്ലുണ്ടായിരുന്നു. 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനർജനി ഫ്ലാറ്റിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനിട്ട തറക്കല്ലാണിത്. പുത്തൻവേലിക്കര ശാരദവിദ്യാ മന്ദിർ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 15 സെന്റിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി സംഘടന സഹായത്തോടെ ഫ്ലാറ്റ് നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിർമാണത്തിന് തടസ്സമുണ്ടെന്നുപറഞ്ഞ് പിൻവാങ്ങി. പദ്ധതിയുടെ മറവിൽ പാടശേഖരം നികത്താൻ ശ്രമമുണ്ടെന്ന് തുടക്കത്തിലേ ആരോപണമുയർന്നിരുന്നു.

മുട്ടിക്കപ്പാടത്ത് പുനർജനി ഫ്ലാറ്റിനായിട്ട കല്ല്
ചിറ്റാറ്റുകര പഞ്ചായത്തിലെ ഒരേക്കർ 66 സെന്റിലെ തരിശുനിലത്തിലേക്ക് റോഡ് വന്നതിനുപിന്നിൽ പുനർജനി തട്ടിപ്പിന്റെ റിയൽ എസ്‌റ്റേറ്റ് താൽപ്പര്യങ്ങളാണെന്നും ആക്ഷേപമുയർന്നിരുന്നു. പ്രളയബാധിതരെ സഹായിക്കാൻ ഭൂവുട നൽകിയ സ്ഥലത്ത് വ്യവസായ ഗ്രൂപ്പ് വീട് നിർമിച്ചിരുന്നു. എന്നാൽ, ഒരുവീട് മാത്രമുണ്ടായിരുന്ന തരിശ് നിലത്തേക്ക് എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച് റോഡ് നിർമിച്ചു. പുനർജനി റോഡ് എന്ന് പേരുമിട്ടു. ഇതിനുപുറമേ വൈദ്യുതിലൈന് മൂന്നുലക്ഷവും കുടിവെള്ളത്തിന് 1.99 ലക്ഷവും എംഎൽഎ അനുവദിച്ചിരുന്നു. സഹകരണവകുപ്പ്, സന്നദ്ധ സംഘടനകൾ, സുമനസ്സുകൾചേർന്ന് നിർമിച്ച വീടുകൾക്ക് പുനർജനി ബോർഡ് തൂക്കി ക്രെഡിറ്റടിക്കുന്നതിനൊപ്പം തട്ടിപ്പും–ഇതായിരുന്നു രീതി.
പുനർജനി ട്രസ്റ്റിന്റെ പേരിലും വൻതട്ടിപ്പിന് പറവൂരിൽ കളമൊരുങ്ങി. പ്രളയത്തെ തുടർന്ന് വീട് നഷ്ടമായ നാല് സ്ത്രീകളാണ് ചതിയിൽപ്പെട്ടത്. ഇതിൽ മൂന്നുപേരും വിധവകളായിരുന്നു. ഇവർക്ക് ഫ്ലാറ്റ് മാതൃകയിൽ വീട് നിർമിക്കാമെന്നും സ്ഥലം കണ്ടെത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പറവൂരിൽ വേരുകളുള്ള കാക്കനാട് താമസിക്കുന്ന ഒരാൾ ചിറ്റാറ്റുകര പഞ്ചായത്തിലെ പറയകാട് ക്ഷേത്രത്തിനുസമീപം അഞ്ചുസെന്റ് നൽകാൻ തയ്യാറായി. ട്രസ്റ്റിന്റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യുകയുംചെയ്‌തു. വർഷം നാലായിട്ടും ഇവിടെ ഫ്ലാറ്റ് നിർമിക്കാൻ തയ്യാറായില്ല. ഭൂമി തിരിച്ചുനൽകാൻ തയ്യാറാകാതിരുന്നതോടെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകി.










0 comments