പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എൻഐഎ കോടതിയിൽ കീഴടങ്ങി

കൊച്ചി
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലിരുന്നയാൾ കീഴടങ്ങി. ആലങ്ങാട് നീറിക്കോട് പുളിക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസർ അറാഫത്താണ് (34) കലൂർ എൻഐഎ കോടതിയിൽ തിങ്കളാഴ്‌ച കീഴടങ്ങിയത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു. കേസിൽ 64–ാം പ്രതിയാണ്.
പിഎഫ്ഐ ആയുധപരിശീലനകേസിൽ പ്രതിയായിരുന്ന മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടിൽ വീട്ടിൽ പി മൊയ്തീൻകുട്ടി യുഎഇയിൽനിന്ന് എത്തിയപ്പോൾ കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് യാസർ അറാഫത്ത് കീഴടങ്ങിയത്.
ഇതിനിടെ, പിഎഫ്ഐ കേസിൽ രണ്ടാംപ്രതിയായ കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. 2022ൽ പിഎഫ്ഐ നിരോധിച്ച സമയത്ത് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതാണ് അഷ്റഫ് മൗലവി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഐഎ നിർണായകരേഖകൾ പിടിച്ചെടുത്തിരുന്നു.
പിഎഫ്ഐ കേസിൽ ഒളിവിലായിരുന്ന ആറുപേരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴുലക്ഷം രൂപവരെ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2022 സെപ്‌തംബറിൽ രജിസ്റ്റർചെയ്ത കേസിൽ ഇനി പിടിയിലാകാനുള്ളത് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, പറവൂർ സ്വദേശി അബ്ദുൾ വഹാബ്, പട്ടാമ്പി സ്വദേശി കെ അബ്ദുൾ റഷീദ്, എടവനക്കാട് സ്വദേശി ടി എ അയൂബ് എന്നിവരാണ്. പ്രതികൾക്കായി 2024ൽ എൻഐഎ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.










0 comments