പെരിയാറിൽ മുങ്ങിയ മൂന്നുവയസ്സുകാരന് രക്ഷയായി അനശ്വർ

അനശ്വര്‍ / അക്ഷയ്
പെരുമ്പാവൂർ
പെരിയാർപുഴയിൽ മുങ്ങിയ മൂന്നുവയസ്സുകാരനെ പ്ലസ്ടു വിദ്യാർഥി രക്ഷപ്പെടുത്തി. പെരുമ്പാവൂർ ചേലാമറ്റം തൊഴേലിവീട്ടിൽ പരേതനായ മദനന്റെയും സിന്ധുവിന്റെയും മകൻ അനശ്വരാണ് (അപ്പു–17) കുട്ടിയെ പുഴയിൽനിന്ന് രക്ഷപ്പെടുത്തിയത്. കൊടിമിറ്റം വീട്ടിൽ ഉദയകുമാറിന്റെയും ശ്രീവിദ്യയുടെയും മകൻ അക്ഷയ് ആണ് (മൂന്ന്) പുഴയിൽ മുങ്ങിപ്പോയത്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ പുഴയിൽവീണ പന്തെടുക്കാൻ ഇറങ്ങിയപ്പോഴാണ് അക്ഷയ് മുങ്ങിപ്പോയത്. ഇത് ഈസമയം കുളിക്കാനെത്തിയ അനശ്വരിന്റെയും അമ്മ സിന്ധുവിന്റെയും ശ്രദ്ധയിൽപ്പെട്ടു. ഉടനെ അനശ്വർ പുഴയിൽ ചാടി കുട്ടിയെ പൊക്കിയെടുത്തു. തുടർന്ന് കുട്ടിയെ അനശ്വർ തോളിൽ കമഴ്ത്തി കിടത്തി പ്രഥമശുശ്രൂഷ നൽകി. ശേഷം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിങ്കൾ വൈകിട്ട് ആറിനാണ് സംഭവം.
ക്ഷേത്രക്കടവിന് 50 മീറ്റർ ദൂരത്തിൽ താമസിക്കുന്ന അക്ഷയ്യുടെ പന്ത് ഇറക്കത്തിലൂടെ ഉരുണ്ട് പുഴയിൽ വീഴുകയായിരുന്നു. പന്തിന് പിന്നാലെ കുട്ടി പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. അഞ്ചടി താഴ്ചയുള്ള ഭാഗംവരെ പുഴയിൽ ഇറങ്ങുന്നവർക്ക് മുന്നറിയിപ്പായി ക്ഷേത്രക്കമ്മിറ്റി കയർകെട്ടി തിരിച്ചിട്ടുണ്ട്. കുട്ടി ഈ ഭാഗത്ത് വീണതുകൊണ്ടാണ് നീന്തലറിയാത്ത അനശ്വരിന് രക്ഷപ്പെടുത്താനായത്. കുട്ടിയെ സമീപവാസികളായ കിഴക്കുംതല വീട്ടിൽ പോൾ, കൊഴുക്കട്ട വീട്ടിൽ ബൈജു എന്നിവർചേർന്നാണ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അനശ്വർ.










0 comments