കലൂരിൽ വീണ്ടും കുഴൽ പൊട്ടി; ഇന്ന് കുടിവെള്ളം മുടങ്ങാൻ സാധ്യത

കലൂർ സ്റ്റേഡിയത്തിനുസമീപം മെട്രോ നിർമാണത്തിനിടെ ജലവിതരണക്കുഴൽ പൊട്ടിയപ്പോൾ
കൊച്ചി
കലൂരിൽ വീണ്ടും ജല അതോറിറ്റിയുടെ കുഴൽ പൊട്ടി. മെട്രോ നിർമാണത്തിന്റെ പൈലിങ്ങിനിടെ കലൂർ സ്‌റ്റേഡിയത്തിനുസമീപമാണ് തിങ്കൾ രാത്രിയോടെ കുഴൽ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയത്. സംഭവത്തെ തുടർന്ന് രാത്രി വൻ ഗതാഗതക്കുരുക്കുമുണ്ടായി. ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി വെള്ളം റോഡിലേക്ക് ഒഴുകാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചു.
ചൊവ്വ രാവിലെ 9.30ന് കലക്ടറുടെ ക്യാന്പ് ഓഫ-ീസിൽ ജല അതോറിറ്റി, കെഎംആർഎൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. നിലവിൽ പന്പിങ് നിർത്തിയിട്ടില്ല. ചൊവ്വ ഉച്ചയോടെ പന്പിങ് നിർത്തി അറ്റകുറ്റപ്പണി നടത്താനാണ് ജല അതോറിറ്റി തീരുമാനം. പന്പിങ് നിർത്തിയാൽ കലൂർ, പാലാരിവട്ടം, തമ്മനം, ഇടപ്പള്ളി, മാമംഗലം, അഞ്ചുമന, പോണേക്കര, എളമക്കര, ചേരാനല്ലൂരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചു.
കുഴൽ പൊട്ടിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ രാത്രി റോഡ് ഉപരോധിച്ചതോടെ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. പാലാരിവട്ടം പൊലീസും കലക്ടർ ജി പ്രിയങ്കയും എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കെഎംആര്‍എല്ലിന്റെ ചെലവില്‍ ടാങ്കറില്‍ വെള്ളം എത്തിക്കുമെന്നും ചൊവ്വാഴ്ച വൈകിട്ടോടെ പ്രശ്‌നം പരിഹരിക്കുമെന്നും കലക്ടര്‍ അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
കെഎംആർഎല്ലിന്റെ പൈലിങ്ങിനിടെ വെള്ളി അർധരാത്രി കലൂർ ജെഎൽഎൻ മെട്രോ സ്റ്റേഷനുസമീപം പില്ലർ 540ന്റെ പരിസരത്ത് ജല അതോറിറ്റിയുടെ 300എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയിരുന്നു. ഇതേത്തുടർന്ന് കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, തമ്മനം, അഞ്ചുമന, പാടിവട്ടം മേഖലകളിലും ചേരാനല്ലൂർ പഞ്ചായത്തിലും ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടു. ഇത് തിങ്കൾ വൈകിട്ട് ശരിയാക്കി പന്പിങ് പുനരാരംഭിച്ച ഉടനെയാണ് വീണ്ടും സമീപത്ത് കുഴൽ പൊട്ടിയത്.










0 comments