പട്ടിമറ്റത്ത് യുവാവ് കിണറ്റിൽ ചാടി; മുളക് സ്‌പ്രേ അടിച്ച് പുറത്തെത്തിച്ചു

പട്ടിമറ്റം ചെങ്ങരയിൽ വീട്ടിൽ അതിക്രമിച്ചു കയറി കിണറ്റിൽ ചാടിയ യുവാവിനെ പുറത്തെടുക്കുന്നു
കോലഞ്ചേരി
വീട്ടിൽ അതിക്രമിച്ച് കയറിയശേഷം കിണറ്റിൽ ചാടിയ യുവാവ് മണിക്കൂറുകളോളം പൊലീസിനെയും അഗ്നിരക്ഷാസേനയെയും വട്ടംചുറ്റിച്ചു. ഒടുവിൽ മുളക് സ്‌പ്രേയും ഫയർഎൻജിൻ വെള്ളം പന്പ് ചെയ്തുമാണ് കരയ്‌ക്കെത്തിച്ചത്. ശനി പകൽ രണ്ടോടെയാണ് സംഭവം. പട്ടിമറ്റം ചെങ്ങര നീറ്റുകാട്ടിൽ ഓമനയുടെ വീട്ടിലെ കിണറ്റിൽ കോട്ടയം അതിരമ്പുഴ പുതുശേരി വീട്ടിൽ സുബിനാണ് (42) ചാടിയത്.
ലഹരിക്ക് അടിമയായ ഇയാളുടെ മേൽവിലാസത്തിൽ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് വിവരം. ചെങ്ങര മേഖലയിൽ ഇയാൾ ഉച്ചമുതൽ കറങ്ങിനടക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വീട്ടിലെ പൂട്ടിയ ഗേറ്റ് തുറന്ന് കയറിയശേഷം കിണറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വല ഉപയോഗിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാൾ വലയിൽ കയറിയശേഷം മുകളിലേക്ക് പൊങ്ങാത്തവിധം കിണറ്റിൽ പിടിച്ചുകിടന്നു.
അനുനയത്തിലൂടെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും അസഭ്യവർഷമായിരുന്നു ഫലം. മൂന്നടിവെള്ളവും 12 അടി താഴ്ചയുമുള്ള കിണറ്റിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും ശ്രമിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തുവരാൻ കൂട്ടാക്കാതെ വന്നതോടെയാണ് മുളക് സ്‌പ്രേ പ്രയോഗിച്ചത്.
തുടർന്ന് അഞ്ചുമണിയോടെ ഇയാളെ പുറത്തെടുത്ത് പൊലീസിന് കൈമാറി. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാറുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments