ad
Deshabhimani

കോതമംഗലം താല‍ൂക്ക്‌ ; 104 കുടുംബങ്ങൾകൂടി
ഭൂമിയുടെ അവകാശികൾ

pattayam
വെബ് ഡെസ്ക്

Published on Mar 04, 2026, 02:33 AM | 1 min read


കോതമംഗലം

താലൂക്കിലെ 104 കുടുംബങ്ങൾക്കുകൂടി സ്വപ്നസാഫല്യം. ഭൂമിയുടെ അവകാശികളായി മാറാനുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അവർക്ക് പട്ടയം ലഭിച്ചു. ചട്ടങ്ങളും നിയമപ്രശ്നങ്ങളും വനംവകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും എല്ലാം പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമിപതിവ് ഓഫീസിന്റെ പ്രവർത്തനഫലമായാണ് ആദ്യഘട്ടത്തിൽ ഇത്രയും പട്ടയങ്ങൾ ലഭ്യമാക്കിയത്. ഇതിനുപുറമെ കോതമംഗലം താലൂക്ക് ഓഫീസിൽ തയ്യാറാക്കിയ 35 പട്ടയങ്ങളും വിതരണം ചെയ്തു.


കുട്ടമ്പുഴ ടൗൺഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം റവന്യുമന്ത്രി കെ രാജൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. കേരളത്തിൽ കഴിഞ്ഞ പത്തു വർഷംകൊണ്ട് 4,56,689 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്ന് അദ്ദേഹം പറഞ്ഞു. കോതമംഗലത്തെ സങ്കീർണമായ പ്രശ്നങ്ങൾ പരിഗണിച്ച് താലൂക്കിൽ ഭൂമിപതിവ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിക്കുകയും 17 ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. അതുവഴി നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം കാണാനായി. ചട്ടങ്ങളും നിയമങ്ങളും സാധാരണ ജനങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിൽ തടസ്സമാകരുത് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത് എന്നും മന്ത്രി പറഞ്ഞു.


ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി പട്ടയങ്ങൾ വിതരണം ചെയ്തു. കലക്ടർ ജി പ്രിയങ്ക, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, എംപിഐ ചെയർമാൻ ഇ കെ ശിവൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ, ജില്ലാപഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ മൊയ്തു, കെ പി ജയിംസ്, എം അനിൽകുമാർ, മനോജ് ഗോപി, ബേബി പൗലോസ് തുടങ്ങിയവർ സംസാരിച്ചു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home