ജില്ലാ പട്ടയമേള ; 468 കുടുംബങ്ങൾക്കുകൂടി പട്ടയം

കോലഞ്ചേരി
ജില്ലാ പട്ടയമേളയിൽ ഭൂമിയുടെ അവകാശികളായി 468 കുടുംബങ്ങൾ. ആലുവ താലൂക്കിലെ 71, പറവൂർ താലൂക്കിലെ 1, കണയന്നൂർ താലൂക്കിലെ 33, കൊച്ചി താലൂക്കിലെ 69, മൂവാറ്റുപുഴ താലൂക്കിലെ 10, കുന്നത്തുനാട് താലൂക്കിലെ 30 എന്നിങ്ങനെയും അതിനുപുറമെ 202 എൽടി പട്ടയങ്ങളും 52 ദേവസ്വം പട്ടയങ്ങളുമാണ് വ്യാഴാഴ്‌ച വിതരണം ചെയ്തത്. കുന്നത്തുനാട്, മൂവാറ്റുപുഴ, ആലുവ താലൂക്കുകളിൽപ്പെട്ട രേഖകളിൽ പാറപുറമ്പോക്കായി രേഖപ്പെടുത്തിയതുമായ കേസുകളിൽ അനുകൂല സർക്കാർ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 22 പേർക്കുള്ള പട്ടയങ്ങളും കൊച്ചി താലൂക്കിലെ നായരമ്പലം, എടവനക്കാട്, കുഴിപ്പിള്ളി വില്ലേജുകളിൽ സുനാമിബാധിതരെ പുനരധിവസിപ്പിച്ചിട്ടുള്ള ഫ്ലാറ്റുകളുടെ ഉടമകളായ 62 പേർക്കുള്ള പട്ടയങ്ങളും വിതരണംചെയ്തവയിൽ ഉൾപ്പെടുന്നു.
ജില്ലാ പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം എംഐഎംഎസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. 2023ൽ പിറവം പാഴൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ മരിച്ച കെ എം മനീഷിന് സർവോത്തം ജീവൻ രക്ഷാപതക് അദ്ദേഹത്തിന്റെ കുടുംബത്തിന് എംഎൽഎ സമ്മാനിച്ചു. കലക്ടർ ജി പ്രിയങ്ക, എഡിഎം വിനോദ് രാജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ ജോർജ്, ഡെപ്യൂട്ടി കലക്ടർമാരായ കെ മനോജ്, വി ഇ അബ്ബാസ്, സുനിത ജേക്കബ്, മൂവാറ്റുപുഴ ആർഡിഒ പി എൻ അനി, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികളായ എൻ അരുൺ, കെ കെ ഏലിയാസ്, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപ്പറമ്പിൽ, ജിഷാന്ത് പത്മൻ, പി ടി കുമാരൻ, കുന്നത്തുനാട് തഹസിൽദാർ എം മായ എന്നിവർ സംസാരിച്ചു.










0 comments