സർക്കാരിന്റെ പ്രത്യേക ഇടപെടൽ
പാരഡൈസ് നഗറിലെ 44 കുടുംബങ്ങൾക്ക് പട്ടയം

കൊച്ചി
എറണാകുളം വില്ലേജിൽ നോർത്ത് സ്‌റ്റേഷൻ കിഴക്കേ കവാടത്തോടു ചേർന്നുള്ള പാരഡൈസ് നഗറിലെ (24 മുറിനഗർ) 44 കൈവശക്കാർക്ക് സർക്കാർ പട്ടയം അനുവദിച്ചു. സർവേ നമ്പർ 75/6, 75/7 എന്നിവയിൽ ഉൾപ്പെട്ട 27.43 ആർ ഭൂമിയിലെ താമസക്കാരായ 44 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്നവർ കൊച്ചി കോർപറേഷനിലെ ശുചീകരണത്തൊഴിലാളികളോ ആ തസ്തികയിൽനിന്ന് വിരമിച്ചവരോ ആണ്. 2010–15ലെ യുഡിഎഫ് കൗൺസിൽ ഒഴിപ്പിച്ചെടുക്കാൻ ശ്രമിച്ച സ്ഥലത്ത് അവരെ നിലനിർത്തിയതും ഇപ്പോൾ പട്ടയം അനുവദിച്ചതും പിന്നീടുവന്ന എൽഡിഎഫ് കൗൺസിലുകളുടെ ശ്രമഫലമാണ്.
1995-ലെ മുനിസിപ്പൽ കോർപറേഷൻ ഏരിയകളിലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 21 (ii) പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ചാണ് പട്ടയം നൽകാൻ തീരുമാനിച്ചത്. വരുമാനപരിധി കൂടുതലാണെന്ന ലാൻഡ് റവന്യു കമീഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് പട്ടയം ലഭിക്കുന്നതിന് തടസ്സം നിലനിന്നിരുന്നു. തുടർന്ന് വരുമാനപരിധി ഇളവ് അനുവദിച്ച് ഭൂമി പതിവ് നൽകാൻ കലക്ടർക്ക് സർക്കാർ നിർദേശം നൽകുകയായിരുന്നു.
നഗരസഭാപ്രദേശത്തെ രവിപുരം മാന്നുള്ളിപ്പാടം, തേവര കായൽപുറന്പോക്ക്, വടുതല ജനകീയറോഡ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്കും എൽഡിഎഫ് സർക്കാരുകളുടെ കാലത്താണ് പട്ടയം നൽകിയത്.










0 comments