ഇഷ്ടമേറെ ഇ ടി ടൈസൺ മാസ്‌റ്ററെ

പറവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടെെസൺ മാസ്റ്റർ പുത്തൻവേലിക്കരയിലെ സ്വീകരണത്തിനിടെ വോട്ടർമാരുമായി സൗഹൃദം പങ്കിടുന്നു
പറവൂർ
പറവൂരിന്റെ ഇഷ്ടം നേടി മുന്നേറുകയാണ് ഇ ടി ടൈസൺ മാസ്‌റ്റർ. ലളിതമായ പെരുമാറ്റവും തെളിച്ചമുള്ള വികസന കാഴ്‌ചപ്പാടുകളിലൂടെയും മണ്ഡലത്തിന്റെ സ്വന്തമായി കഴിഞ്ഞു എൽഡിഎഫ് സ്ഥാനാർഥി. പൊതുപര്യടനം ബുധനാഴ്‌ച പുത്തൻവേലിക്കര പഞ്ചായത്തിൽനിന്ന് ആരംഭിച്ചു. തുരുത്തിപ്പുറത്ത് പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. സി എ സജീവ് അധ്യക്ഷനായി.
ഓരുവെള്ളഭീഷണിമൂലം ജീവിതം പ്രതിസന്ധിയിലായിരുന്ന തുരുത്തിപ്പുറം, വെള്ളോട്ടുപുറം, തുരുത്തൂർ പ്രദേശങ്ങളിൽ ഏഴുകോടി രൂപ ചെലവിട്ട് സംരക്ഷണഭിത്തി കെട്ടിയ സർക്കാരിന് സ്വീകരണ കേന്ദ്രത്തിലെത്തിയവർ നന്ദിയറിയിച്ചു.
കുറുമ്പത്തുരുത്ത്, മുതുപറമ്പ്, സ്റ്റേഷൻകടവ്, പഞ്ഞിപ്പള്ള എന്നിവിടങ്ങളിൽ സ്ത്രീകളുൾപ്പെടെ നിരവധിപേർ സ്ഥാനാർഥിയെ സ്വീകരിച്ചു. ബസാറിലെത്തിയപ്പോൾ കത്തുന്ന ഉച്ചവെയിലിനെ തോൽപ്പിച്ചു ആവേശം. പുത്തൻവേലിക്കര താലൂക്കാശുപത്രിയുടെ ദുരവസ്ഥയും ശതാബ്ദി പിന്നിടുന്ന പിഎസ്എം എൽപി സ്കൂളിനോട് നിലവിലെ എംഎൽഎ കാണിക്കുന്ന അവഗണനയുമെല്ലാം പരാതിയായെത്തി. വിജയിച്ചാൽ ഇവയ്‌ക്കെല്ലാം പ്രത്യേക പരിഗണനയെന്നും വോട്ട് ചെയ്യണമെന്നും സ്ഥാനാർഥി അഭ്യർഥിച്ചു. കൊമരക്കേരിപൊക്കം, എളന്തിക്കര നാലുവഴി, മാളവന എന്നിവിടങ്ങളിലും ഹൃദ്യമായ സ്വീകരണം.
വി എസ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ ഐഎച്ച്ആർഡി കോളേജിനോടുള്ള സിറ്റിങ് എംഎൽഎയുടെ അവഗണന, തകരാറിലായ കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജ് മൂലം ഉപ്പുവെള്ളം ഉപയോഗിക്കേണ്ട സ്ഥിതിയുമെല്ലാം വോട്ടർമാർ പറഞ്ഞു. ഇതിനെല്ലാം മാറ്റമുണ്ടാകുമെന്ന് സ്ഥാനാർഥി ഉറപ്പുനൽകി. മാളവന, കോഴിത്തുരുത്ത്, സൊസൈറ്റിപ്പടി എന്നിവിടങ്ങളിൽ കണിക്കൊന്ന നൽകി സ്വീകരിച്ചു. തേലത്തുരുത്ത് കടവിൽ പര്യടനം സമാപിച്ചു. വ്യാഴം രാവിലെ എട്ടിന് തത്തപ്പിള്ളി ദേവീക്ഷേത്രത്തിന് സമീപത്തുനിന്ന് പര്യടനം തുടങ്ങും. രാത്രി ഏഴിന് ആട്ടേത്തറയിൽ സമാപിക്കും.
കണ്ടു ‘പുനർജനി കല്ല്’; കേട്ടു സങ്കടം
വി ഡി സതീശന്റെ ‘പുനർജനി കല്ല്’ ഇ ടി ടൈസൺ മാസ്‌റ്ററും കണ്ടു. കൊടികുത്തിയകുന്നിലെ സ്വീകരണകേന്ദ്രത്തിൽ സ്വീകരിക്കാനെത്തിയവരിൽ വി ഡി സതീശന്റെ ‘പുനർജനി’ പദ്ധതിയിൽ കബളിപ്പിക്കപ്പെട്ടവരുമുണ്ടായിരുന്നു. കല്ലിട്ടതല്ലാതെ സതീശൻ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ പറഞ്ഞു. വിജയിച്ചാൽ സർക്കാരിന്റെ മറ്റ് ഭവനപദ്ധതികളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് ടൈസൺ മാസ്‌റ്റർ പറഞ്ഞു.










0 comments