പറവൂർ നെയ്‌തെടുക്കുന്നു പുതുസ്വപ്‌നങ്ങൾ

പറവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടൈസൺ മാസ്റ്റർക്ക് പാലാതുരുത്തിൽ നൽകിയ സ്വീകരണം
വി ദിലീപ്‌കുമാർ
Published on Mar 30, 2026, 01:48 AM | 2 min read
പറവൂർ
ഇ ടി ടൈസൺ മാസ്‌റ്ററിലൂടെ പുതുസ്വപ്‌നങ്ങൾ നെയ്‌തെടുക്കുകയാണ് പറവൂർ. ‘നമ്മടെ മാഷ് ജയിക്കും അതുറപ്പാ’ കൈത്തറിയുടെ നാടായ ചേന്ദമംഗലം കൊറ്ററ്റാലിലെ നെയ്‌ത്തുത്തൊഴിലാളി സുധയുടെ വാക്കുകളിലുണ്ട് മണ്ഡലത്തിന്റെ മനസ്സ്. ‘പ്രളയത്തിൽ തകർന്ന കൈത്തറിയെ തിരിച്ചുപിടിച്ചതും കൈത്തറിഗ്രാമം നടപ്പാക്കിയതുമെല്ലാം ഇൗ സർക്കാരാ. അവർ തുടരണം; മാഷ് ജയിക്കണം’ സ്വീകരണകേന്ദ്രങ്ങളിൽ ഒഴുകിയെത്തുന്ന നാടൊന്നാകെ പറയുകയാണ്. തീരദേശജനതയുടെ സ്വപ്‌നമായിരുന്ന മുനന്പം–അഴീക്കോട് പാലം യാഥാർഥ്യമാക്കിയ ഇ ടി ടൈസൺ മാസ്‌റ്ററിലൂടെ പറവൂരിനും വികസനനാളുകൾ സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് വോട്ടർമാർ.
വി പി തുരുത്തിൽനിന്നായിരുന്നു ഓശാന ഞായറാഴ്‌ച എൽഡിഎഫ് സ്ഥാനാർഥി പര്യടനമാരംഭിച്ചത്. രാവിലെ പറവൂർ ചന്തയിൽനിന്ന് കോട്ടക്കാവ് സെന്റ് തോമസ് പള്ളിയിലേക്കുള്ള കുരുത്തോലപ്രദക്ഷിണത്തിൽ പങ്കാളിയായി. സെന്റ് ജെർമയിൻസ് പള്ളിയിലും കുരുത്തോല പെരുന്നാളിൽ പങ്കാളിയായി. തുടർന്ന് പര്യടനത്തിലേക്ക്. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയിൽ തുറന്ന ജീപ്പിൽ ഇ ടി ടൈസൺ മാസ്‌റ്റർ. കണിക്കൊന്നയും പഴങ്ങളും നിറച്ച കുട്ടകളും നൽകി സ്വീകരിച്ചു. വികസനത്തുടർച്ചയ്‌ക്കായി വോട്ട് അഭ്യർഥിച്ച് സെന്റ് മേരീസ് കവലയിലെത്തി. ‘കേരളത്തിലാകമാനമുള്ള വികസനക്കുതിപ്പ് പറവൂരിൽ കാണാത്തത് എന്താണെന്ന്' നാട്ടുകാരനായ വർഗീസിന്റെ ചോദ്യം. കിഫ്ബിപോലുള്ള പദ്ധതികളോട് മുഖം തിരിഞ്ഞുനിന്നതാണ് കാരണമെന്ന് മാഷ് മറുപടി നൽകി.
കാർഷികപ്രദേശമായ പാലാതുരുത്തിൽ കാർഷികവിളകൾ നൽകി സ്വീകരിച്ചു. കരിമ്പാടം കിഴക്കേ ഉന്നതിയിൽ സ്ത്രീകൾ ഹാരങ്ങളുമായി കാത്തുനിന്നു. കേന്ദ്രസർക്കാർ ഇല്ലാതാക്കാൻ നോക്കുന്ന തൊഴിലുറപ്പുപദ്ധതിയെ സംരക്ഷിക്കുന്ന സർക്കാരിന് അഭിനന്ദനം അറിയിച്ച് തൊഴിലുറപ്പുതൊഴിലാളിയായ ശോഭ, പൂക്കൾ കൈമാറി. കുമാരമംഗലം കവല, കരിമ്പാടം സ്കൂൾ, മനക്കോടം, മുണ്ട്യാതോപ്പ്, കുഞ്ഞവരാതുരുത്ത്, വടക്കുംപുറം, കൂട്ടുകാട് പള്ളിപ്പടി എന്നിവിടങ്ങളിലും സ്വീകരണം നൽകി.
കൊച്ചങ്ങാടി, തെക്കേത്തുരുത്ത്, കടൽവാതുരുത്ത് എ പി നഗർ, വായനശാല, വടക്കേത്തുരുത്ത് കപ്പേള, ഐശ്വര്യ കവല എന്നിവിടങ്ങളിലും ആവേശകരമായ വരവേൽപ്.
തറവാട്ടിലെത്തിയതിന്റെ സന്തോഷമായിരുന്നു സമാപനകേന്ദ്രമായ ഗോതുരുത്ത് പള്ളിപ്പടിയിലെത്തിയപ്പോൾ. അമ്മവീടായതിനാൽ ബന്ധുക്കളും ചിരപരിചിതരും അടുപ്പക്കാരുമായി ഒട്ടേറെപ്പേർ സ്വീകരിക്കാനുണ്ടായി. ‘കാൽനൂറ്റാണ്ടായി മണ്ഡലം അനുഭവിക്കുന്ന വികസനമുരടിപ്പിന് പരിഹാരം വേണം. അതിന് മുഴുവൻ പേരുടെയും സഹായം വേണം’– മാഷ് വിനയത്തോടെ അഭ്യർഥിച്ചു.
യുഡിഎഫ് സ്ഥാനാർഥി വി ഡി സതീശൻ വടക്കേക്കര, ചിറ്റാറ്റുകര എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാർ പറവൂർ മുനിസിപ്പൽ പ്രദേശത്ത് പര്യടനം നടത്തി.










0 comments