അവയവദാനത്തിന് സമ്മതമറിയിക്കുന്നവരുടെ എണ്ണത്തിൽ വർധന

കൊച്ചി
സംസ്ഥാനത്തുനിന്നുള്ള അവയവ പ്രതിജ്ഞാ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ വൻ വർധന. മസ്‌തിഷ്‌ക മരണത്തിനുശേഷം രണ്ട് വിജയകരമായ അവയവദാനങ്ങൾ നടന്ന് നാലുദിവസത്തിനുള്ളിൽ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ അഞ്ഞൂറിലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. 30നും 45നും ഇടയിൽ പ്രായമായവരാണ് ഏറ്റവുമധികം രജിസ്‌റ്റർ ചെയ്‌തത്.
തിരുവനന്തപുരത്തും കൊച്ചിയിലും മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങൾ ശേഖരിച്ച് സെപ്‌തംബർ 11നും 13നും കൊച്ചിയിൽ തുടർച്ചയായി രണ്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഇത് ജനങ്ങളിലുണ്ടാക്കിയ അവബോധമാണ് അവയവദാനത്തിന് കൂടുതൽ ആളുകൾക്ക് പ്രേരണയായത്. ഏറ്റവും കൂടുതൽ അവയവദാന പ്രതിജ്ഞാ രജിസ്ട്രേഷൻ നടന്നത് സെപ്‌തംബർ 12നാണ്. 193 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. ആദ്യ ശസ്‌ത്രക്രിയ നടക്കുന്ന 11നുമുന്പുള്ള ദിവസങ്ങളിൽ ഇത് നാമമാത്രമായിരുന്നു. 11ന് 60 രജിസ്‌ട്രേഷൻ നടന്നു. 13ന് 180ഉം 14ന് 63ഉം 15ന് 56ഉം 16ന് 71ഉം 17ന് 71ഉം പേർ രജിസ്‌ട്രേഷൻ നടത്തി.
രണ്ട് അവയവമാറ്റ ശസ്ത്രക്രിയകളും ഒന്നിലധികം അവയവദാനങ്ങളും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാകണമെന്ന് കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ) ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു. ഇതുവരെ 7877 രജിസ്‌ട്രേഷനുകളാണ് സംസ്ഥാനത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ വെബ്‌സൈറ്റിൽ ആധാർ നന്പർ കൊടുത്ത് അപേക്ഷ പൂരിപ്പിച്ച് ആർക്കും അവയവദാനത്തിന് രജിസ്‌റ്റർ ചെയ്യാം.









0 comments