രാഹുൽ ഒളിവിൽത്തന്നെ; ഊർജിതമാക്കി തിരച്ചിൽ

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ് അന്വേഷണം ഊർജിതം. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിനന്റെ ഫോൺ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ മുങ്ങിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനുതന്നെ കുരുക്കാകും. അതിജീവിതയുമായി പലതവണ ലൈംഗിക ബന്ധമുണ്ടായെന്നും തന്റെ ഫോൺ കോളുകൾ, ചാറ്റുകൾ എന്നിവ യുവതി റെക്കോഡ് ചെയ്ത് സൂക്ഷിച്ചെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇതോടെ പുറത്തുവന്ന ശബ്ദം എഐ ആണെന്നും രാഹുലിന്റേത് അല്ലെന്നും ന്യായീകരിച്ചവരുടെ വാദങ്ങൾകൂടിയാണ് തകർന്നടിയുന്നത്.
ഗർഭിണിയായതിന്റെ ഉത്തരവാദിത്വം ഭർത്താവിനെന്നാണ് ജാമ്യാപേക്ഷയിലെ വാദം. വിവാഹബന്ധം വേർപെടുത്തി അഞ്ച് മാസത്തിനുശേഷമാണ് രാഹുലുമായുള്ള സൗഹൃദമെന്നും വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. സുഹൃത്തായ ജോബി ജോസഫ് വഴി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്തിന് എന്ന് രാഹുൽ മറുപടി പറയേണ്ടിവരും. സൗഹൃദംകാരണം കൊടുത്തതാണെന്ന് വാദിച്ചാൽ അതും നിലനിൽക്കില്ല. രാഹുൽ ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായുണ്ട്.
മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്സ് ആപ്പ് ചാറ്റിൽ "എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തിൽ പറയുന്നുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കൈവശപ്പെടുത്തുന്നതും ക്രിമിനൽ കുറ്റമാണ്. മരുന്ന് നൽകിയ കടയുടമയും നിർദേശിച്ച ഡോക്ടറും (അങ്ങനെയൊരാൾ ഉണ്ടെങ്കിൽ ) ഉൾപ്പെടെ പ്രതിയാകും. അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 89 പ്രകാരം ജീവപര്യന്തം തടവോ പത്ത് വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ജീവന് ഭീഷണിയുള്ള മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നത് ബിഎൻഎസ് 123 പ്രകാരം 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയുടെ സുഹൃത്ത് ജോബി ജോസഫിനും ഈ കുറ്റം ബാധകമാണ്.








0 comments