ആഘോഷിക്കാം നല്ലോണം

ഉത്രാട ദിനത്തിൽ എറണാകുളം മാർക്കറ്റിൽനിന്ന് ഓണസദ്യക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുന്നവർ
കൊച്ചി
പൂക്കളങ്ങളും പുത്തനുടുപ്പുമായി സമൃദ്ധിയുടെ തിരുവോണത്തെ വരവേറ്റ് നാട്. അത്തംമുതൽ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലായിരുന്നു മലയാളികൾ. ഇടയ്ക്കെത്തിയ മഴ ആശങ്കപ്പെടുത്തിയെങ്കിലും ഓണത്തിന്റെ പകിട്ടിന് തെല്ലും കുറവില്ല. ചൊവ്വ രാവിലെമുതൽ വിപണി ഉത്രാടത്തിരക്കിലമർന്നു. ഓണസദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങിക്കൂട്ടാനുള്ള തിരക്കായിരുന്നു എങ്ങും. വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിലായിരുന്നു തിരക്ക് കൂടുതൽ.
വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിച്ചെങ്കിലും കടകളിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്ന് വ്യാപാരികൾ പറയുന്നു. എറണാകളും നഗരത്തിലെ ബ്രോഡ്‌വേയിൽ ഓണം വ്യാപാരം പൊടിപൊടിച്ചെങ്കിലും ഉത്രാടദിവസം തിരക്ക് കുറവായിരുന്നു. ഉത്രാടപ്പാച്ചിലിലെ തിരക്ക് ഒഴിവാക്കാൻ പലരും മുൻകൂട്ടി സാധനങ്ങൾ വാങ്ങിയിരുന്നു.
രണ്ടുദിവസത്തെ മഴയും കച്ചവടത്തെ ബാധിച്ചു.
ഓണസദ്യ ഒരുക്കുന്ന കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും ചൊവ്വ രാവിലെമുതൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്തത് അനുസരിച്ച് തിരുവോണത്തിന് ഉച്ചയോടെ സദ്യ എത്തിച്ചുനൽകും.
സദ്യ വീട്ടിൽ ഉണ്ടാക്കുന്നവർക്കായി പായസം മേളകളും സജീവം. കുടുംബശ്രീ നേതൃത്വത്തിലും ഓണസദ്യയും പായസം മേളകളുമുണ്ട്. വാഴയില, പഴം, പപ്പടം എന്നിവയുടെ വിൽപ്പനയും അവസാദ ദിവസങ്ങളിൽ ഉഷാറായി. ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, ഇലക്‌ട്രിക്ക് ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വ്യാപാരവും തകൃതിയായിരുന്നു.










0 comments