വായ്പ തിരിച്ചുനൽകാത്തതിന്റെ പേരിൽ ക്രൂരത; വൃദ്ധയുടെ വീട് തകർത്തു

വെങ്ങോല കണ്ണിമോളത്ത് ചെല്ലമ്മയുടെ വീട് മരം മറിച്ചിട്ട് തകർത്തനിലയിൽ
പെരുമ്പാവൂർ
വെങ്ങോലയിൽ വായ്പയെടുത്ത തുക തിരികെ നൽകിയില്ലെന്ന് ആരോപിച്ച് വൃദ്ധയുടെ വീട് തകർത്തു. ശാലേം റോഡിൽ കണ്ണിമോളത്ത് വീട്ടിൽ ചെല്ലമ്മയുടെ (76) വീടാണ് ഇടവൂർ മൂലേക്കുടി എം എസ് മനോജ് പൊളിച്ചത്. വൃദ്ധയെ ശല്യം ചെയ്യരുതെന്ന സബ് കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് മനോജിന്റെ ക്രൂരത. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വെള്ളി രാവിലെ ഒമ്പതിനായിരുന്നു ആക്രമണം. വീടിന്റെ ഔട്ട്ഹൗസും അടുക്കളയും പൊളിച്ചുകൊണ്ടിരുന്നപ്പോൾ നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും ജീപ്പില്ലെന്നായിരുന്നു മറുപടി. തുടർന്ന് ടാക്സി വിളിച്ച് പൊലീസിനെ സംഭവസ്ഥലത്തെത്തിച്ചെങ്കിലും നടപടിയെടുത്തില്ല. പിന്നീട് പൊലീസ് പോയശേഷം പകൽ മൂന്നോടെ മനോജ്, വീടിന് സമീപത്തുനിന്നിരുന്ന മാവ് വീടിനുമുകളിലേക്ക് മുറിച്ചിടുകയായിരുന്നു.
രോഗിയായ ചെല്ലമ്മ വീട്ടിൽ ഒറ്റക്കാണ് താമസം. വിവാഹിതയായ മകൾ സംഭവസമയം ചെല്ലമ്മയേയുംകൊണ്ട് ആശുപത്രിയിൽ പോയിരുന്നു. നാലുകോടിയോളം വിലവരുന്ന സ്ഥലം ഇൗടുവച്ച് 85 ലക്ഷം രൂപ മനോജിൽനിന്ന് വായ്പ വാങ്ങി. ഇതിൽ 42 ലക്ഷം രൂപ തിരികെ കൊടുത്തെങ്കിലും ബാക്കി കൊടുക്കാൻ വൈകി. ഇതിന്റെ പേരിൽ മനോജ് പുരയിടത്തിലെ ലക്ഷങ്ങൾ വിലമതിപ്പുള്ള മരങ്ങൾ വെട്ടിയെടുക്കുകയും ഇടക്കൃഷികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
മാരകായുധങ്ങളുമായി എത്തി ചെല്ലമ്മയെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ഭീഷണിപ്പെടുത്തുന്ന കാര്യം പൊലീസിൽ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ചമുമ്പ് വീടിന്റെ ഓടുകൾ മനോജ് അടിച്ചുതകർത്തിരുന്നു. തുടർന്ന് ചെല്ലമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ചെല്ലമ്മയെ വീട്ടിൽനിന്ന് ഒഴിപ്പിക്കാനായി നേരത്തേ കിണറ്റിലെ മോട്ടോർ നശിപ്പിക്കുകയും വയറുകൾ അഴിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു.
തുടർന്ന് അടുത്ത വീട്ടുകാരാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. രണ്ടാഴ്ചമുമ്പ് വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീഴാവുന്നവിധം മാവിന്റെ ചുവട് വെട്ടിനിർത്തിയിരിക്കുകയായിരുന്നു. കോടതിയിൽ കേസ് നൽകിയതിന്റെ പകയാണ് ചെല്ലമ്മയ്ക്കുനേരെയുള്ള ആക്രമണത്തിന് കാരണം.










0 comments