ad
Deshabhimani

ദേശീയപാത 66

ഇടപ്പള്ളി–മൂത്തകുന്നം റീച്ച്‌ നിർമാണം പ്രതിസന്ധിയിലേക്ക്‌

NH 66
വെബ് ഡെസ്ക്

Published on Sep 01, 2026, 03:10 AM | 2 min read

കൊച്ചി


ദേശീയപാത 66 ഇടപ്പള്ളി–മൂത്തകുന്നം റീച്ച്‌ നിർമാണം പ്രതിസന്ധിയിലേക്ക്‌. ക്വാറി ഉൽപ്പന്നങ്ങൾ കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക്‌ കയറ്റിഅയക്കാൻ തമിഴ്‌നാട്‌ സർക്കാർ വിലക്ക്‌ ഏർപ്പെടുത്തിയതാണ്‌ തിരിച്ചടിയായത്‌. നിർമാണ പുരോഗതിക്കായി സ്വ‍ീകരിക്കേണ്ട നടപടികളിൽ യുഡിഎഫ്‌ സർക്കാരിന്റെ വീഴ്‌ചകളും കൂടിയായതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തം ജില്ലയിലെ ദേശീയപാത നിർമാണം നിലയ്‌ക്കുന്ന സ്ഥിതിയിലാണ്‌.


മൂന്നുമാസത്തേക്കാണ്‌ തമിഴ്‌നാട്ടിൽനിന്ന്‌ അയൽസംസ്ഥാനങ്ങളിലേക്ക്‌ ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന്‌ ടിവികെ സർക്കാർ വിലക്കേർപ്പെടുത്തിയത്‌. ദേശീയപാത നിർമാണത്തിന്‌ അത്യന്താപേക്ഷിതമായ വിവിധ വലുപ്പത്തിലുള്ള മെറ്റൽ കൊണ്ടുവന്നിരുന്നത്‌ തമിഴ്‌നാട്ടിൽനിന്നാണ്‌. കരാറുകാരുടെ ശേഖരത്തിൽ അവശേഷിക്കുന്ന മെറ്റൽ ഉപയോഗിച്ചാണ്‌ നിലവിൽ പ്രവൃത്തി നടത്തുന്നത്‌. ഇതുകൂടി തീരുന്നതോടെ പ്രവൃത്തി മുടങ്ങും. നിർമാണപ്രവൃത്തിക്ക്‌ ഒന്പതുലക്ഷം ടൺ മെറ്റൽ ഇനിയും വേണ്ടിവരുമെന്നാണ്‌ കണക്കുകൂട്ടൽ. തമിഴ്‌നാട്ടിൽനിന്നുള്ള മെറ്റലിന്‌ ഉറപ്പ്‌ കൂടിയതിനാലാണ്‌ ഇതിനെ ആശ്രയിക്കുന്നത്‌. മുഖ്യമന്ത്രി വി ഡി സതീശന്റെയും യുഡിഎഫ്‌ സർക്കാരിന്റെയും ഇടപെടൽ നിർമാണസാമഗ്രികൾ കൊണ്ടുവരാൻ കേരളത്തിന്‌ ഇളവ്‌ അനുവദിക്കണമെന്ന കത്തിലും ആവശ്യം ഉന്നയിച്ചതിലും ഒതുങ്ങി. ചാലക്കുടിയിലെ ക്വാറിയിൽനിന്ന്‌ കല്ല്‌ എത്തിക്കാനുള്ള പരിശ്രമങ്ങൾ കരാർകന്പനി നടത്തുന്നുണ്ട്‌. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അനുമതികൾ ഇതുവരെ സർക്കാരിൽനിന്ന്‌ ലഭ്യമാകാത്തതും പ്രയാസം സൃഷ്ടിക്കുന്നു.


പാതയുടെ 75 ശതമാനം നിർമാണം ഇതിനകം പൂർത്തിയായി. ഇ‍ൗ റീച്ചിലെ ഏക റെയിൽവേ മേൽപ്പാലം സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തി തീർന്നു. മണ്ണുക്ഷാമം, ഇടയ്‌ക്കിടെയുള്ള മഴ, ചില ഘട്ടങ്ങളിൽ മതിയായ തൊഴിലാളികളുടെ അഭാവം എന്നിവ നേരത്തേ പ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ആറിടങ്ങളിലായി പുതിയ മേൽപ്പാലങ്ങൾ നിർമിക്കുന്നുമുണ്ട്‌. നേരത്തേയുണ്ടായിരുന്ന പ്രശ്‌നങ്ങളും പുതിയ മേൽപ്പാലങ്ങളുംകൂടി ഉൾപ്പെടുത്തിയതോടെ ലക്ഷ്യമിട്ടിരുന്ന സമയത്തിനുള്ളിൽ പ്രവൃത്തി തീർക്കാൻ കഴിയാത്ത സാഹചര്യമാണ്‌. ഇതിനാൽ പാത പൂർത്തീകരണ കാലയളവ്‌ 2027 മേയിലേക്ക്‌ നീട്ടിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ നിർമാണത്തിൽ ഏറ്റവും പിന്നിൽനിൽക്കുന്ന റീച്ചുകളിൽ ഒന്നായി മാറിയിരിക്കുകയാണിത്‌.


കാസർകോട്ടെ തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 45 മീറ്റർ വീതിയിൽ 600 കിലോമീറ്ററോളമാണ്‌ ദേശീയപാത. കൊടുങ്ങല്ലൂർമുതൽ ഇടപ്പള്ളിവരെ 28.03 കിലോമീറ്ററുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ച പദ്ധതിയായിരുന്നു ഇത്‌. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെയാണ്‌ വീണ്ടും ജീവൻവച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിർമാണവേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുന്നതടക്കമുള്ള നടപടികളുണ്ടായിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ വന്നതോടെ ഇക്കാര്യങ്ങളിൽ അനാസ്ഥയാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home