ad
Deshabhimani

ഉദ്‌ഘാടനം കഴിഞ്ഞിട്ട്‌ ഒന്നരമാസം; മൂന്നാം റോ റോ കാണാനില്ല

fortkochi

വൈപ്പിൻ–ഫോർട്ട്‌കൊച്ചി റൂട്ടിലെ മൂന്നാം റോ റോ ഉദ്‌ഘാടനത്തിന്‌ തയ്യാറാക്കിയ പോസ്‌റ്റർ

വെബ് ഡെസ്ക്

Published on Sep 01, 2026, 03:16 AM | 1 min read

വൈപ്പിൻ


ഫോർട്ട്കൊച്ചി–വൈപ്പിൻ റൂട്ടിലെ തിരക്ക്‌ കുറയ്‌ക്കാനും നിലവിലുള്ള രണ്ടു ജങ്കാറുകൾക്ക്‌ ഇടയ്‌ക്കിടെയുണ്ടാകുന്ന തകരാർമൂലമുണ്ടാകുന്ന സർവീസ്‌മുടക്കം പരിഹരിക്കാനുമായി നിർമിച്ച മൂന്നാം റോ റോ ഉദ്‌ഘാടനശേഷം ആരും കണ്ടിട്ടില്ല. ഇതുമൂലം ഇ‍ൗ റൂട്ടിലെ ദുരിതയാത്ര തുടരുകയാണ്‌. കൊച്ചി കോർപറേഷൻ എൽഡിഎഫ്‌ ഭരണസമിതി തീരുമാനപ്രകാരമാണ്‌ മൂന്നാം റോ റോ ജങ്കാർ നിർമിച്ചത്‌.


ജൂലൈ 12ന്‌ ആഘോഷപൂർവം മുഖ്യമന്ത്രി വി ഡി സതീശനാണ്‌ സേതുസാഗർ 3 റോ റോ ജങ്കാർ ഉദ്ഘാടനം ചെയ്‌തത്‌. 15 മുതൽ സർവീസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഒന്നരമാസമായിട്ടും സർവീസ് ആരംഭിക്കുന്നതുസംബന്ധിച്ച് കോർപറേഷന്‌ മിണ്ടാട്ടമില്ല.


നിലവിലുള്ള രണ്ട്‌ റോ റോകളും സർവീസ് നടത്തുന്നത്‌ കിൻകോയാണ്‌. എന്നാൽ, മൂന്നാം ജങ്കാർ ഇവരെ ഏൽപ്പിക്കേണ്ട എന്ന നിലപാടാണ് കോർപറേഷന്റേതെന്നാണ് സൂചന.

അറ്റകുറ്റപ്പണിയുടെ ചെലവുകൾ കോർപറേഷനും വരുമാനം മുഴുവനും കിൻകോയും കൊണ്ടുപോകുന്നുവെന്ന ആക്ഷേപമുന്നയിച്ച്‌ ഇ‍ൗ സർവീസിനെ മൊത്തത്തിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ്‌ ഇതിനുപിന്നിലെന്ന്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷനും യാത്രക്കാരും ആരോപിക്കുന്നു. അതിനുവേണ്ടിയുള്ള വിലപേശൽ നടക്കുന്നുണ്ട്‌. ഇടനിലനിന്ന്‌ കമീഷൻ അടിക്കാൻ യുഡിഎഫ്‌ നേതാക്കൾ പിന്നിൽക്കളിക്കുന്നുമുണ്ട്‌. നേരത്തേ ഇവിടെ സർവീസ്‌ നടത്തിയിരുന്നത്‌ കൊച്ചിൻ സർവീസ്‌ എന്ന സ്വകാര്യ സ്ഥാപനമാണ്‌. ഇവരെയോ മറ്റാരെയെങ്കിലുമോ സർവീസ്‌ ഏൽപ്പിച്ച്‌ വൻ കമീഷൻ അടിക്കാൻ അണിയറനീക്കം നടക്കുന്നുണ്ട്‌.

മുൻ പ്രഖ്യാപനമനുസരിച്ച് പുതിയ കമ്പനി രൂപീകരിച്ച് സർവീസ് അവരെ ഏൽപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്‌. അവർ ഏറ്റെടുത്ത്‌ സ്വകാര്യ കന്പനിക്ക്‌ നടത്തിപ്പിന്‌ വിട്ടുകൊടുക്കുകയെന്ന ഗൂഢലക്ഷ്യമാണ്‌ പിന്നിൽ. രണ്ട് ജങ്കാറുകളിൽ ഒന്നിന് തകരാർ സംഭവിച്ച് സർവീസ് മുടങ്ങിയാൽ യാത്രക്കാർക്ക് ദുരിതം ഇല്ലാതിരിക്കാനാണ് കെ അനിൽകുമാർ മേയറായിരുന്നപ്പോൾ മൂന്നാം ജങ്കാറിനായി 10 കോടി രൂപ മുടക്കി കൊച്ചി കപ്പൽശാലയെ നിർമാണജോലി ഏൽപ്പിച്ചത്‌.


ഇതിനിടെ പലപ്പോഴും ഒരു ജങ്കാർ കേടായി സർവീസ്‌ നിലച്ചെങ്കിലും മൂന്നാം ജങ്കാർ പകരംവന്നില്ല. ഇതോടെ ഈ റൂട്ടിലെ യാത്രാദുരിതം ഇന്നും തുടരുകയാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം മൂന്നാം ജങ്കാർ സർവീസ് ആരംഭിക്കണമെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്‌മ കൺവീനർ ജോണി വൈപ്പിൻ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ഫ്രാൻസിസ് ചമ്മണി എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home