കല്ലുവിളഞ്ഞ മണ്ണിൽ പച്ചക്കറി സമൃദ്ധി

കൊളത്തൂർ മണ്ണ് മാന്തിയും ചെങ്കല്ല് ചുമന്നും ശീലിച്ച പണയിൽനിന്ന് പച്ചക്കറി കൃഷിയുടെ സമൃദ്ധിയിലേക്ക് വഴിമാറുകയാണ് കൊമ്പനടുക്കത്തെ ബി സുധീഷ്. പ്രതിസന്ധിയിലായ ചെങ്കൽ വ്യവസായത്തിൽനിന്ന് പിൻവാങ്ങി, സ്വന്തം 1.40 ഏക്കർ ചെങ്കൽപണയെ സമ്പന്നമായ ഒരു പച്ചക്കറിത്തോട്ടമാക്കി മാറ്റിയെടുത്തിരിക്കയാണ് ഇൗ യുവകർഷകൻ. കഴിഞ്ഞ ഫെബ്രുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട തണ്ണീർമത്തൻ കൃഷിയുടെ വൻ വിജയമാണ് സുധീഷിന് കാർഷിക മേഖലയിലേക്കുള്ള വഴിത്തിരിവായത്. ഇന്ന് വെണ്ട, കക്കരി, പയർ, വെള്ളരി, ചീര, ബീൻസ് തുടങ്ങി വിപണിയിൽ പ്രിയമുള്ള ഒട്ടുമിക്ക പച്ചക്കറികളും ഈ ചെങ്കൽ മണ്ണിൽ വിളഞ്ഞുനിൽക്കുന്നു. മണ്ണറിഞ്ഞ് അധ്വാനിച്ചാൽ ചെങ്കൽപണപ്രദേശവും ഒരു ഹരിത പറുദീസയാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് സുധീഷിന്റെ ഈ വേറിട്ട കാർഷിക മുന്നേറ്റം. ചെങ്കൽപണ നടത്തിപ്പിൽ പെർമിഷനുമായി ബന്ധപ്പെട്ട കാരണങ്ങളാണ് അതിൽനിന്നും വിട്ടുമാറാൻ പ്രേരിപ്പിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാമെന്ന ഉദ്ദേശത്തോടെയാണ് കാർഷിക മേഖലയിലേക്ക് ഇറങ്ങിയതെങ്കിലും പിന്നീട് കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച പിന്തുണയിൽ പച്ചക്കറി കൃഷി വിപുലമാക്കി. കൃഷിയിൽ മുൻ പരിചയം ഒന്നുമില്ലെങ്കിലും അച്ഛനിൽനിന്നും കിട്ടിയ അറിവോടെ ഈ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. ചെങ്കൽപണയിൽ റിങ് ഇട്ട് കിണർ നിർമ്മിക്കുകയും, കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുകയുംചെയ്‌തു. കാലിവളം, ആട്ടിൻമുട്ട, കോഴിവളം തുടങ്ങിയവയാണ് കൃഷിക്കുപയോഗിക്കുന്നത്.








0 comments