ധമനിവീക്കം കണ്ടെത്താൻ കുസാറ്റിന്റെ എഐ സാങ്കേതികവിദ്യ

ഡോ. മധു എസ് നായർ, കീർത്തി എ എസ് പിള്ള, കെ പി പ്രീന
കളമശേരി
രോഗനിർണയപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്തി കുസാറ്റ് ഗവേഷകരുടെ കണ്ടെത്തൽ. സെറിബ്രൽ അന്യൂറിസം (മസ്തിഷ്‌ക ധമനിവീക്കം) കണ്ടെത്തുന്നതിനുള്ള എഐ അധിഷ്ഠിത അൽഗോരിതം വികസിപ്പിച്ചാണ് കുസാറ്റ് കംപ്യൂട്ടർ സയൻസ് വകുപ്പിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടർ വിഷൻ ലാബിലെ ഗവേഷകസംഘം നേട്ടം കൊയ്തത്. ഡോ. മധു എസ് നായരുടെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ കീർത്തി എ എസ് പിള്ള, കെ പി പ്രീന എന്നിവർ പങ്കാളികളായി.
ശരീരഘടന മാതൃകയാക്കി രൂപകൽപ്പന ചെയ്ത ഗ്രാഫ് ന്യൂറൽ നെറ്റ്‌വർക്ക് (ജിഎൻഎൻ ) സാങ്കേതികവിദ്യയാണ് എഐ അൽഗോരിതത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗ്രാഫുകളായി പ്രതിനിധീകരിക്കുന്ന വിവരങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും പഠിക്കാൻ ശേഷിയുള്ള ഡീപ് ലേണിങ് രീതിയാണിത്. മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളുടെ സവിശേഷതകൾ എഐ മാതൃകയിൽ ഉൾപ്പെടുത്തിയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സെറിബ്രൽ അന്യൂറിസവുമായി ബന്ധപ്പെട്ട സങ്കീർണമായ രക്തക്കുഴൽ ഘടനകൾ വിശകലനം ചെയ്യാൻ അൽഗോരിതത്തിന് സാധിക്കും.
ഗവേഷണഫലം ഐഇഇഇ - ട്രാൻസാക്ഷൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രസിദ്ധീകരിച്ചു. ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് എഐ, കംപ്യൂട്ടർ വിഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലുള്ള കുസാറ്റിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടർ വിഷൻ ലാബിന്റെ തുടർച്ചയായ ഗവേഷണ പ്രവർത്തനങ്ങൾക്ക് ഈ നേട്ടം ശ്രദ്ധേയമായ സംഭാവനയാണ് നൽകുന്നത്.








0 comments