ad
Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പ്‌

എൽഡിഎഫ്‌ പ്രകടനപത്രികയിലേക്ക്‌ 
ആദ്യനിർദേശം എഴുതിയിട്ട്‌ എൻ എസ്‌ മാധവൻ

n s madhavan
വെബ് ഡെസ്ക്

Published on Nov 01, 2025, 02:15 AM | 1 min read


കൊച്ചി

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തയ്യാറാക്കുന്ന പ്രകടനപത്രികയിലേക്ക്‌ ആദ്യ നിർദേശം സമർപ്പിച്ച്‌ എഴുത്തുകാരൻ എൻ എസ്‌ മാധവൻ. കൊച്ചിയുടെ നഷ്ടപ്പെട്ട കടൽത്തീരം വീണ്ടെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. എംജി റോഡ്‌ സെന്റർ സ്‌ക്വയർ മാളിന്‌ എതിർവശത്ത്‌ സ്ഥാപിച്ച ‘നിങ്ങൾക്കും നിർദേശിക്കാം’ എന്ന നിർദേശ കോർണറിലെ പബ്ലിക്‌ ബോക്‌സിലാണ്‌ എൻ എസ്‌ മാധവൻ നിർദേശം എഴുതിയിട്ടത്‌. പ്രകടനപത്രികയിലേക്ക്‌ പരിഗണിക്കാനുള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്ന്‌ സ്വീകരിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനംകൂടിയാണ്‌ എൻ എസ്‌ മാധവൻ നിർവഹിച്ചത്‌. ഇത്തരത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ ജില്ലയിലാകെ പ്രധാന കേന്ദ്രങ്ങളിലായി 2,500 പബ്ലിക് ബോക്‌സുകളാണുണ്ടാകുക. ​



ജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾ സമാഹരിച്ച്‌ പ്രകടനപത്രികയിൽ പരിഗണിക്കുകയെന്നത്‌ നല്ല ചുവടുവയ്‌പ്പാണെന്ന്‌ എൻ എസ്‌ മാധവൻ പറഞ്ഞു. 1990ൽ ജനകീയാസ‍ൂത്രണംവഴി കേരളത്തിന്‌ പുത്തൻ ഉണർവ്‌ ലഭിച്ചു. അതിലെ ജനകീയ പങ്കാളിത്തത്തിൽ കുറവുണ്ടായോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജനകീയാസൂത്രണത്തിലുണ്ടായ തളർച്ച നീക്കി പുനരുജ്ജീവിപ്പിക്കാൻ ഇത്തരം നടപടികൾ സഹായിക്കും. ജനകീയാസൂത്രണം 2.0 യിലേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പായി ഇതിനെ കാണുന്നുവെന്നും എൻ എസ്‌ മാധവൻ പറഞ്ഞു.


​നവംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌, തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും എൽഡിഎഫ്‌ പ്രവർത്തകർ സന്ദർശിച്ച് പ്രകടനപത്രികയിലേക്ക്‌ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോറം നൽകും. തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി പ്രത്യേകം ഇ–മെയിൽ ഐഡിയും വാട്‌സാപ്‌ നമ്പറും കൈമാറും. ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങൾക്കുപുറമെ മുഴുവൻ വാർഡുകളിലും പബ്ലിക് ബോക്‌സുകൾ സ്ഥാപിക്കുന്നുണ്ട്‌. ഇവയിലൂടെ നിർദേശങ്ങൾ നൽകാം. സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌, സിപിഐ ജില്ലാസെക്രട്ടറി എൻ അരുൺ, മേയർ എം അനിൽകുമാർ, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, എൽഡിഎഫ്‌ നേതാക്കളായ കെ വി മനോജ്‌, എ ആർ രഞ്‌ജിത്ത്‌, പി എൻ സീനുലാൽ, കുര്യൻ എബ്രഹാം, ജീവൻ ജേക്കബ്‌, വിനോദ്‌ ബാബു, എ ശ്രീധരൻ, സി എ ഷക്കീർ, ടി സി സഞ്‌ജിത്ത്‌, കുന്പളം രവി, തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home