ad
Deshabhimani

മൂവാറ്റുപുഴയാർ പുറമെ ശാന്തം; 
ആഴവും അടിയൊഴുക്കും ശക്തം

muvattupuzha river
വെബ് ഡെസ്ക്

Published on Oct 03, 2025, 02:19 AM | 1 min read



പിറവം

പുറമെ ശാന്തമെങ്കിലും അടിയൊഴുക്കും ചുഴികളും ശക്തമായ മൂവാറ്റുപുഴയാറിന്റെ പിറവം മേഖലയിലെ അപകടങ്ങളിൽ അശ്രദ്ധയും മുൻകരുതലുകളും വീണ്ടും ചർച്ചയാകുന്നു. വ്യാഴാഴ്ച രാമമംഗലത്ത് രണ്ട് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ എരുവേലി സ്വദേശി അൽബിന്റെ ജീവൻ നഷ്‌ടമായി.



വെള്ളത്തിന്റെ ആഴവും അടിയൊഴുക്കുമറിയാതെ പുഴയിലിറങ്ങുന്നവരുടെ അശ്രദ്ധയ്‌ക്ക് ജീവന്റെ വിലയുണ്ടാകുമെന്ന പുഴയോരമേഖലയിലെ പ്രദേശവാസികളുടെ ഓർമപ്പെടുത്തലുകൾ സഞ്ചാരികളിൽ ചിലരെങ്കിലും വിലകൽപ്പിക്കാറില്ല.

​മണൽപ്പരപ്പിന്റെ ശാന്തത വെള്ളത്തിലിറങ്ങിയാൽ ഉണ്ടാകില്ല. 20 മുതൽ 30 അടി വരെയാണ് പിറവം മേഖലയിലെ ശരാശരി ആഴം. ഇതറിയാതെ മറ്റു പ്രദേശങ്ങളിൽനിന്നുള്ളവരാണ് അപകടത്തിനിരയാകുന്നവരിൽ ഏറെയും.


ഒരുവർഷംമുമ്പാണ്‌ തമ്മാനിമറ്റം കടവിൽ കിഴക്കമ്പലം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചത്. മാമ്മലശേരി പയ്യാറ്റിക്കടവിൽ കുളിക്കാനിറങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ ഡോക്ടർ, ചേർത്തല സ്വദേശി, തുടങ്ങിയവരെല്ലാം നാട്ടുകാരുടെ നടുക്കുന്ന ഓർമകളാണ്. പാഴൂർ മണപ്പുറത്ത്‌ ബലിയിടാനെത്തിയ 25 അംഗ സംഘത്തിലെ നാലുപേരാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഒരാൾ മരിച്ച സംഭവവുമുണ്ടായി.



പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കടവുകളിൽ ആളുകൾ എത്തുന്നത് സുരക്ഷയെ കാര്യമായി ബാധിക്കുന്നു.



അവധിദിവസങ്ങളിലും ഞായറാഴ്ചകളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘം പുഴയിൽ കുളിക്കാനെത്തുന്നുണ്ട്. രാമമംഗലം തമ്മാനിമറ്റം കടവ്, നെച്ചൂർ പാലത്തിനുസമീപം, പാഴൂർ മണപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്കുള്ളത്. മുമ്പുണ്ടായ മരണങ്ങളുടെ എണ്ണവും പുഴയുടെ ആഴവും രേഖപ്പെടുത്തിയ അപകട മുന്നറിയിപ്പ് ബോർഡ് കടവുകളിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home