സര്‍ക്കാര്‍ ചിറകില്‍ മൂവാറ്റുപുഴ മുന്നോട്ട്

നിർമാണം പുരോഗമിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയം
പി ജി ബിജു
Published on Feb 07, 2026, 02:30 AM | 1 min read
മൂവാറ്റുപുഴ
കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന എൽഡിഎഫ് സർക്കാർ മൂവാറ്റുപുഴയ്‌ക്ക് മുന്നോട്ടുകുതിക്കാൻ ഉൗർജം പകരുകയാണ്. അഞ്ചുവർഷത്തിനിടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ എംഎൽഎ എന്നനിലയിൽ മാത്യു കുഴൽനാടനായില്ല. എന്നാൽ, നാടിന്റെ പുരോഗതിക്ക് സംസ്ഥാന സർക്കാർ മുന്‍കൈയെടുത്തതോടെ മൂവാറ്റുപുഴയില്‍ വികസന ഒഴുക്കിന് ശക്തികൂടി. കുടിവെള്ള പദ്ധതികൾക്ക് മാത്രമായി സർക്കാർ ചെലവഴിച്ചത് 29 കോടി രൂപ. ജില്ലയ്ക്ക് ഒരു സ്റ്റേഡിയം എന്നനിലയിൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് 41 കോടി രൂപ അനുവദിച്ചു. നിര്‍മാണം പുരോഗമിക്കുന്ന ചന്ദ്രശേഖരൻനായർ ഇൻഡോർ സ്‌റ്റേഡിയവും ഇതിന്റെ ഭാഗമാകും.
പേഴയ്ക്കാപ്പിള്ളി ഗവ. എച്ച്‌എസ്‌എസിന് അഞ്ചുകോടി രൂപയുടെ പുതിയ മന്ദിരം, പണ്ടപ്പിള്ളി സിഎച്ച്സിക്ക് ഒരുകോടിയുടെ പുതിയ കെട്ടിടം, 68 കോടി രൂപ ചെലവിൽ കക്കടാശേരി–കാളിയാർ റോഡ്, 83 കോടി രൂപ ചെലവിൽ മൂവാറ്റുപുഴ–കിഴക്കേക്കര–പെരുമാങ്കണ്ടം റോഡ് എന്നിവ പൂർത്തിയാക്കി. മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. എച്ച്‌എസ്‌എസിന് രണ്ടരക്കോടി മുടക്കി പുതിയ മന്ദിരം നിർമിച്ചു. രണ്ടുകോടി രൂപ മുടക്കി ആരക്കുഴ ഗവ. ഐടിഐ മന്ദിരം.
ആരക്കുഴ, പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളം ലിങ്ക് റോഡ് 19 കോടിയും മേക്കടമ്പ്–മഴുവന്നൂർ റോഡ് ഒമ്പത് കോടിയും ചാത്തമറ്റം–മുള്ളരിങ്ങാട് റോഡ് ഏഴുകോടി രൂപയും മുടക്കി പൂർത്തിയാക്കി. 20 കോടി രൂപ ചെലവില്‍ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, ഒപി ബ്ലോക്ക്, ചുറ്റുമതിൽ, വാർഡ് നിർമാണം എന്നിവ നടപ്പാക്കി.
രണ്ടുകോടി രൂപ മുടക്കി മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാർഡ്.
ആരക്കുഴ, പാലക്കുഴ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 13 കോടി, ഒന്നരക്കോടി രൂപ മുടക്കി പാലക്കുഴ പഞ്ചായത്ത് ഓഫീസ്, 90 ലക്ഷം രൂപ മുടക്കി കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവ യാഥാർഥ്യമാക്കി. 44 ലക്ഷം രൂപ ചെലവഴിച്ച് മുളവൂർ, വെള്ളൂർകുന്നം, പോത്താനിക്കാട്, മാറാടി എന്നിവ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം, പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതിക്ക് 29 കോടി എന്നിങ്ങനെ വികസനപദ്ധതികൾ നീളുകയാണ്.










0 comments