ad
Deshabhimani

മുനമ്പം അഴീക്കോട് പാലം ; ഗർഡർ ഒരാഴ്‌ചക്കുള്ളിൽ ഉയരും

munambam azheekkode bridge
avatar
പി വി ബിമൽ കുമാർ

Published on May 21, 2025, 03:38 AM | 1 min read


കൊടുങ്ങല്ലൂർ

തീരദേശത്തിന്റെ ഏറെക്കാലത്തെ വലിയ ഒരു സ്വപ്‌നം അഴീക്കോട് – മുനമ്പം പാലം പൂർത്തിയാകുന്നതോടെ സഫലമാകും. ഇതോടെ മത്സ്യം, ടൂറിസം മേഖലകളിൽ വലിയ സാധ്യതകൾ തുറക്കും. നിർമാണം അതിവേഗം മുന്നേറുന്ന പാലത്തിന്റെ ഗർഡർ ഒരാഴ്‌ചക്കുള്ളിൽ ഉയർത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന പാലത്തിലൂടെ വടക്കുള്ള തീരദേശ ജില്ലകളിൽനിന്ന് കൊച്ചിയിലേക്ക്‌ എളുപ്പത്തിലെത്താം. അഴീക്കോട്‌, മുനമ്പം തുറമുഖങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പാലം നിർമാണം പൂർത്തിയാകുമ്പോൾ തീരവാസികൾ ആഹ്ലാദത്തിലാണ്‌.


ചെലവ്‌ 164 കോടി

2023 നവംബർ 13നാണ്‌ കിഫ്ബിയിൽ നിന്ന്‌ 164 കോടി രൂപ ചെലവിട്ടുള്ള പാലം നിർമാണം തുടങ്ങിയത്‌. അനുബന്ധ റോഡുകൾക്ക്‌ ഭൂമി ഏറ്റെടുക്കാൻ 14.50 കോടിയും സർക്കാർ അനുവദിച്ചു. തൃശൂർ ജില്ലയിലെ കയ്‌പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ മുനമ്പത്തെയും ബന്ധിപ്പിക്കുന്ന പാലം വലിയ മീൻപിടിത്ത ബോട്ടുകൾക്ക്‌ കടന്നുപോകാൻ കഴിയുംവിധമാണ് നിർമിക്കുന്നത്‌. 1.123 കിലോമീറ്റർ നീളവും 15.70 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ളതാണ്‌ പാലം. ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഒരുക്കും. കരയിലും പുഴയിലുമായി 196 പൈലുകളുടെ നിർമാണം പൂർത്തിയായി. 50 മീറ്റർ നീളമുള്ള സ്പാനുകൾ തൂണുകളിൽ ഘടിപ്പിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും. ചെറിയാൻ വർക്കി കൺസ്ടക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്‌. നിർമാണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തടസ്സങ്ങൾ എംഎൽഎമാരായ ഇ ടി ടൈസൺ, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ ഇടപെട്ട്‌ പരിഹരിച്ചു.


മത്സ്യമേഖലയ്‌ക്കും
 ടൂറിസത്തിനും ഉണർവ്‌

ഇരുജില്ലകളിലെ മത്സ്യമേഖലയ്‌ക്ക് വലിയ ഉണർവാകും പാലം. 15 കിലോമീറ്റർ ദൂരം ചുറ്റിവേണം ഇപ്പോൾ അഴീക്കോട്ടെ തൊഴിലാളികൾക്ക് മുനമ്പത്തെത്താൻ. പാലം തുറക്കുന്നതോടെ അതിവേഗമെത്താം. തിരിച്ചും. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് വേഗത്തിൽ പാലംവഴി കടന്നുവരാമെന്നുള്ളത് വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റമുണ്ടാക്കും. അറബിക്കടലിലെ സൂര്യാസ്തമയം കാണാൻ കഴിയും വിധമാണ് പാലത്തിന്റെ രൂപകൽപ്പന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home