മലയാള പുസ്‌തകം വായിക്കുന്ന അതിഥിത്തൊഴിലാളി

മുബീൻ തന്റെ പുസ്തകങ്ങൾക്കൊപ്പം ബാർബർ ഷോപ്പിൽ
ആലുവ
ജോലിക്കൊപ്പം പുസ്‌തക വായനയും ഒരുമിച്ച് കൊണ്ടുപോകാൻ ഇഷ്‌ടപ്പെടുന്ന ആളാണ് കീഴ്മാട് ചാലക്കൽ എർസിസ് ബാർബർ ഷോപ്പിൽ മുടിവെട്ടുന്ന ഉത്തർപ്രദേശ് സൊഹൻപുർ സ്വദേശി മുബീൻ.
ഹിന്ദി കൂടാതെ ഗൂഗിൾ ട്രാൻസിലേറ്റർ വഴി മലയാള പുസ്തകങ്ങളും വായിക്കാറുണ്ട് മുബീൻ. ബഷീറിനെ ഏറെ ഇഷ്‌ടപ്പെടുന്ന ഇൗ അതിഥിത്തൊഴിലാളി ഏറ്റവും ഒടുവിൽ വായിച്ച മലയാള പുസ്‌തകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ നസീഫ് കലയത്ത് എഴുതിയ പ്രണയ നോവലായ ഖദീജയാണ്. ബഷീറിന്റെ പുസ്‌തകങ്ങളിൽ ഏറ്റവും ഇഷ്‌ടം മതിലുകളും. വായനയ്ക്കായി മലയാളം ഉൾപ്പെടെ വിവിധ ഭാഷയിലുള്ള നിരവധി പുസ്തകങ്ങളാണ് ബാർബർ ഷോപ്പിലെ മേശപ്പുറത്ത് മുബീൻ സൂക്ഷിച്ചിട്ടുള്ളത്. ഓരോ മാസവും നാലോളം പുസ്തകങ്ങൾ വായിക്കും. വായിക്കുന്ന പുസ്തകങ്ങളുടെ ലഘുക്കുറിപ്പുകൾ ഡയറിയിൽ എഴുതി സൂക്ഷിക്കും. ഒന്പതാം ക്ലാസുവരെ പഠിച്ചിട്ടുള്ള മുബീന് മലയാളം സംസാരിക്കാൻ അറിയാമെങ്കിലും പുസ്തക വായന ഗൂഗിൾ ട്രാൻസിലേറ്റർ വഴിയാണ്.
മലയാളം വായിക്കാൻ ഏറെ ഇഷ്‌ടമാണെങ്കിലും ജോലിത്തിരക്കുമൂലം സമയം ലഭിക്കാറില്ലെന്ന് മുബീൻ പറയുന്നു. ഏഴുവർഷമായി കേരളത്തിലുണ്ട്. നോവൽ മാത്രമല്ല സൈക്കോളജി വിഷയത്തിലെ പുസ്തകങ്ങളും വായനയുടെ ഭാഗമാണ്. ജോലിയിൽനിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് സ്വന്തമായി പുസ്തങ്ങങ്ങൾ വാങ്ങിച്ച് വായിക്കാനാണ് മുബീന്റെ ആഗ്രഹം.










0 comments