മെഹബൂബിന് ജീവൻപകർന്ന് അബുവിന്റെ പാട്ട്

സ്മിത ബഷീർ
Published on Apr 21, 2025, 03:46 AM | 1 min read
മട്ടാഞ്ചേരി
കൊച്ചിയുടെ ജനകീയ ഗായകനായിരുന്ന എച്ച് മെഹബൂബിന്റെ പാട്ടുകൾക്ക് ഇന്നും ജീവൻപകരുന്ന ആ ശബ്ദം, 85–-ാം വയസ്സിലും തളരാതെ വേദികളിൽ നിറകൈയടി നേടുകയാണ് മട്ടാഞ്ചേരി സ്വദേശി ബിസ്മില്ല അബു. മെഹബൂബിന്റെ ഗാനങ്ങൾ അതേശൈലിയിൽ ആലപിച്ചാണ് അബു ശ്രദ്ധേയനാകുന്നത്.
"കുണ്ടാമണ്ടി പെണ്ണാണേ മിണ്ടാൻ ചെന്നാൽ കെണിയാണേ', "ദുഃഖം നീക്കണേ... മക്ക കാട്ടണേ, "അറിയാമോ കൂട്ടരെ അവറാന്റെ പെണ്ണിനെ' തുടങ്ങിയ പാട്ടുകൾ പാടുമ്പോൾ സദസ്സ് ഒന്നാകെ മെഹബൂബിനെ ഓർക്കും. മെഹബൂബിനൊപ്പം കല്യാണവീടുകളിൽ പാടിയ അനുഭവസമ്പത്താണ് അബുവിന്റെ കൈമുതൽ. മട്ടാഞ്ചേരി നെട്ടേപറമ്പിൽ ബാവയുടെയും റുക്കുമ്മയുടെയും മകനായി 1940 ജനുവരി ഒന്നിനാണ് ജനനം. ദാരിദ്ര്യംമൂലം രണ്ടാംക്ലാസിൽ പഠനം നിർത്തി. സംഗീതത്തിന് പുകൾപെറ്റ മട്ടാഞ്ചേരിയിലെ അക്കാലത്തെ പ്രഗത്ഭരായിരുന്ന ഐഷ റേഡിയോ, സീറോ ബാബു എന്നിവർക്കൊപ്പം സഹായിയായി കൂടി. 17–-ാം വയസ്സിലാണ് മെഹബൂബിനെ പരിചയപെടുന്നത്. കൊച്ചിയിലെ അക്കാലത്തെ ഒരു പ്രമാണിയുടെ വീട്ടിലെ ചടങ്ങിൽ മെഹബൂബിന്റെയും പൊന്നാനി അബൂബക്കറിന്റെയും ഗാനമേള ഒരുക്കിയിരുന്നു. ഗഫൂർ എന്നയാൾ അബുവിനെ പരിചയപ്പെടുത്തി അവസരം ആവശ്യപ്പെട്ടു. മെഹബൂബ് അവസരം കൊടുത്തു.
"കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി' അബു ആലപിച്ച് പൂർത്തിയാക്കിയതും മെഹബൂബിന് മനസ്സ് നിറഞ്ഞു. തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പിന്നീട് പല കല്യാണ വീടുകളിലും പാടാൻ അബുവിനെയും കൂട്ടി. ഒരു പരിപാടിക്ക് എട്ടണ (50 പൈസ) കിട്ടും. വീട്ടിലേക്ക് ഒരാഴ്ചത്തേക്കുള്ള അരിവാങ്ങാൻ ഈ തുക മതിയാകും. ആഴ്ചയിൽ ഒരു പരിപാടിയെങ്കിലും കിട്ടണേ എന്നതായിരുന്നു അക്കാലത്തെ പ്രാർഥനയെന്ന് അബു ഓർക്കുന്നു. ചാനലുകളിലും ആകാശവാണിയിലും പാടാൻ അവസരം കിട്ടി. ഇതിനിടെ മെഹബൂബിനെക്കുറിച്ച് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ മെഹബൂബായി വേഷമിടാനും അവസരം കിട്ടി. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ സംഭവമായിരുന്നു അതെന്ന് അബു പറയുന്നു. പരേതയായ പാത്തായിയാണ് ഭാര്യ. ഷഹീറ, മാഹീൻ, കബീർ എന്നിവർ മക്കളാണ്.










0 comments