നേട്ടങ്ങളിലേക്ക് കുതിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളേജ്
ചികിത്സ തേടിയവരുടെ എണ്ണത്തിൽ നാലിരട്ടി വർധന

മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

സ്വന്തം ലേഖകൻ
Published on Feb 25, 2026, 12:24 AM | 1 min read
കളമശേരി
അഞ്ചുവർഷത്തിനിടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തിലുണ്ടായത് നാലിരട്ടി വർധന. 2021ൽ 1.40 ലക്ഷംപേരാണ് ഒപിയിൽ ചികിത്സ തേടിയത്. കിടത്തിച്ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കപ്പെട്ടത് 11,000 പേർ. 2025ൽ ഒപിയിൽ എത്തിയവരുടെ എണ്ണം അഞ്ചരലക്ഷവും കിടത്തിച്ചികിത്സ തേടിയവരുടെ എണ്ണം 32,000 ആയെന്ന് കണക്കുകൾ ഉദ്ധരിച്ച് മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞു. 2021ൽ 1234 മേജർ ശസ്‌ത്രക്രിയകളാണ് നടന്നതെങ്കിൽ 2025ൽ ഇത് 6,162 ആയി. 253 മൈനർ ശസ്‌ത്രക്രിയകൾ 1342 ആയും ഉയർന്നു.
പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ വിശ്വാസ്യത തകർക്കാൻ സംസ്ഥാനത്ത് ഒരുവിഭാഗം നടത്തിവരുന്ന സംഘടിത ആക്രമണങ്ങൾക്കിടയിലാണ് നേട്ടങ്ങളിലേക്കുള്ള മെഡിക്കൽ കോളേജിന്റെ കുതിപ്പ്. ചികിത്സാസംവിധാനങ്ങൾ നവീകരിച്ചും അടിസ്ഥാനസൗകര്യം അത്യാധുനികമാക്കിയും എൽഡിഎഫ് സർക്കാർ നൽകിയ പിന്തുണ അതിന് കരുത്തായി.
2013ൽ യുഡിഎഫ് സർക്കാരാണ് സഹകരണ മെഡിക്കൽ കോളേജിനെ സർക്കാർ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ചത്. അതിനപ്പുറം എന്തെങ്കിലും സഹായവും പുതിയ തസ്തികകളും അനുവദിച്ചില്ല. നിലനിൽപ്പുതന്നെ അപകടത്തിലായ ഘട്ടത്തിലാണ് 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ പ്രത്യേക ശ്രദ്ധ നൽകിയത്.
സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം എന്നിവ നിർമിക്കാൻ കിഫ്ബി വഴി 368.74 കോടി രൂപ അനുവദിച്ചു. 12 കോടി ചെലവിൽ ആധുനിക കാത്ത് ലാബും തുറന്നു.
200 കോടിയോളം രൂപ ചെലവിൽ ഇമേജ് സെന്റർ, സൗരോർജ പ്ലാന്റ് എന്നിവ സ്ഥാപിച്ചു. ഒപി, ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം, നവജാതശിശു വിഭാഗം എന്നിവ നവീകരിച്ചു.
പുതിയ തസ്തികകളും സൃഷ്ടിച്ചു. അതിന്റെ തുടർച്ചയിലാണ് നിപ പ്രതിരോധത്തിനും കോവിഡ് ചികിത്സയ്ക്കും മെഡിക്കൽ കോളേജ് രാജ്യാന്തര പ്രശസ്തി നേടിയത്.
മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനായി കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി മന്ദിരമാണ് ഇവിടെ ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുള്ളത്. ആറ് ബ്ലോക്കുകളിലായി എട്ടുനിലയിൽ 8.27 ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടം ഉടൻ നാടിന് സമർപ്പിക്കും.









0 comments