ad
Deshabhimani

എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌

214 താൽക്കാലിക ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തി

medical collage
വെബ് ഡെസ്ക്

Published on Mar 11, 2026, 01:03 AM | 1 min read

തിരുവനന്തപുരം/ കൊച്ചി

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ഭാഗമായി അന്ന് കോളേജിലുണ്ടായിരുന്ന വിവിധ വിഭാഗത്തില്‍പ്പെട്ട 214 ജീവനക്കാരെ സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശിച്ചത് പ്രകാരം ക്രമപ്പെടുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ പുതുതായി മൂന്ന്‌ സ്ഥിരം തസ്‌തികകളും 10 താൽക്കാലിക തസ്‌തികകളും സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിൽ വ്യവസായമന്ത്രി പി രാജീവ്‌, സാങ്കേതികത പരിഹരിച്ച്‌ ബാക്കി ജീവനക്കാരെ ഉടൻ സ്ഥിരപ്പെടുത്തുമെന്ന്‌ വാക്കുനൽകിയിരുന്നു. ഇതാണ്‌ ഇപ്പോൾ പാലിക്കപ്പെട്ടത്‌.


കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യുക്കേഷനിൽനിന്ന്‌ (കേപ്പ്‌) മെഡിക്കൽ കോളേജ് 13 വർഷംമുമ്പ് സർക്കാർ ഏറ്റെടുത്തപ്പോൾ ഇവിടെ കരാർ, ദിവസവേതന ജീവനക്കാരായി ജോലിചെയ്തിരുന്ന 214 പേരെ സർക്കാർസർവീസിലേക്ക് ലയിപ്പിക്കാനാണ്‌ സർക്കാർ തീരുമാനിച്ചത്‌. കോ–ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ്‌ ആയിരുന്നപ്പോൾ 315 താൽക്കാലിക ജീവനക്കാരാണ്‌ ജോലിചെയ്‌തിരുന്നത്‌. ഇതിൽ ഒരു ഡോക്ടറും 38 നഴ്‌സുമാരും അടക്കമുള്ളവർ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരുവർഷംമുന്പ്‌ സ്ഥിരപ്പെട്ടിരുന്നു.


കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്ററിൽ 159 പുതിയ തസ്‌തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ജനുവരിയിൽ സർക്കാർ അനുമതി നൽകിയിരുന്നു. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് അന്ന്‌ സൃഷ്ടിച്ചത്. സെന്ററിലെ 100 കിടക്കകള്‍ക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികളാണ്‌ ഇവയെല്ലാം. കൂടുതൽ ജീവനക്കാരെ ആവശ്യമായി വന്നതിനാലാണ്‌ ഇപ്പോൾ 13 തസ്തികകൾക്കുകൂടി അനുമതി നൽകിയത്‌.

ജീവനക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യമാണ് സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചതെന്നും മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതുമുതൽ അനിശ്ചിതത്വത്തിലായിരുന്ന ജീവനക്കാർക്ക് വർഷങ്ങൾക്കുശേഷം ആശ്വാസം എത്തിക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home