ad
Deshabhimani

മീഡിയ അക്കാദമിക്ക്‌ പുതുമുഖം ; ഉയരും അത്യാധുനിക 
ആസ്ഥാനമന്ദിരം

Kerala Media Academy.jpg
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 1 min read


കാക്കനാട്

മീഡിയ അക്കാദമിക്ക്‌ ഉയരുന്നത്‌ കാലത്തിനൊത്ത അത്യാധുനിക ആസ്ഥാനമന്ദിരം. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി ബഹുനിലമന്ദിരം നിർമിക്കാൻ 31.56 കോടി രൂപ കിഫ്ബിയില്‍നിന്ന്‌ സംസ്ഥാന സർക്കാർ അനുവദിച്ചു, മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.


കൊച്ചി മെട്രോ റെയിലിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായാണ് നിലവിലുള്ള കെട്ടിടം പൊളിച്ച്‌ പുതിയ മന്ദിരം നിർമിക്കുന്നത്. മീഡിയ അക്കാദമിയുടെ പുതിയ കെട്ടിടം നിർമിക്കാന്‍ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അഞ്ചുനില മന്ദിരമാണ്‌ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ്‌ നിർമിക്കുന്നത്‌. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്‌ നന്ദി അറിയിച്ചു.


കാക്കനാട് സ്ഥിതിചെയ്യുന്ന അക്കാദമി പത്രപ്രവർത്തന, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്‌. പത്രപ്രവർത്തനമേഖലയിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക, പരിശീലന കോഴ്സുകൾ, വർക്‌ഷോപ്പുകൾ, സെമിനാറുകൾ എന്നിവ നടത്തുക, ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, മോണോഗ്രാഫുകൾ എന്നിവ പ്രസിദ്ധീകരിക്കുക, പത്രപ്രവർത്തന ഗവേഷണ ഗ്രാന്റുകൾ അനുവദിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിച്ചത്‌. സംസ്ഥാന സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്സ്, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എന്നിവയുടെ സംയുക്ത സംരംഭമായാണ്‌ പ്രസ് അക്കാദമി സ്ഥാപിതമായത്. 1980 ജൂൺ എട്ടിന് മുഖ്യമന്ത്രി ഇ കെ നായനാരാണ്‌ തറക്കല്ലിട്ടത്‌. പണി പൂർത്തീകരിച്ച അക്കാദമി മന്ദിരം 1985 മേയ് 24ന് മുഖ്യമന്ത്രി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. 2008ൽ പുതുക്കിപ്പണിത അക്കാദമി ആസ്ഥാനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ്‌ ഉദ്ഘാടനം ചെയ്തത്‌. പ്രസ് അക്കാദമിയെ 2014 നവംബറിൽ സർക്കാർ കേരള മീഡിയ അക്കാദമിയായി പുനഃസംഘടിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home