വിവാഹം വിഷമത്തിലാകും

കൊച്ചി
വിവാഹാഘോഷങ്ങളെ പ്രതികൂലമായി ബാധിച്ച് പാചകവാതക ക്ഷാമം. വീട്ടുകാർ മാത്രമല്ല, കല്യാണമണ്ഡപ നടത്തിപ്പുകാരും ഒരേപോലെ ആശങ്കയിലും വിഷമത്തിലുമാണ്. വിവാഹസദ്യ എങ്ങനെ ഒരുക്കുമെന്ന് സങ്കടപ്പെടുകയാണ് പല കുടുംബങ്ങളും.
നിലവിലെ സാഹചര്യങ്ങൾക്കുമുന്പ് വിവാഹത്തീയതി തീരുമാനിച്ചവരാണ് കുടുങ്ങിയത്. ഇതനുസരിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചു. വിവാഹമണ്ഡപങ്ങളും ബുക്ക് ചെയ്‌തു. പിന്നാലെയാണ് ഇടിത്തീപോലെ പാചകവാതകം ക്ഷാമമായത്. ജില്ലയിലെ പ്രധാന കല്യാണമണ്ഡപമായ ടിഡിഎം ഹാൾ ഉൾപ്പെടെ വലിയപ്രശ്‌നമാണ് നേരിടുന്നത്. ഇവിടെ ഒരു കല്യാണസദ്യ ഒരുക്കാൻ ഏഴുമുതൽ പത്തുവരെ സിലിണ്ടർ വേണം.
എന്നാൽ, പാചകവാതകക്ഷാമം നേരിട്ടതോടെ സുഗമമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ പറഞ്ഞു. വിവാഹത്തിനുള്ള ആളുകളുടെ എണ്ണം കുറയ്‌ക്കുക, സിലിണ്ടർ സംഘടിപ്പിച്ച് നൽകുക എന്നീ നിർദേശങ്ങൾ നൽകി മുന്നോട്ടുപോകാനാണ് ശ്രമം. ജെറ്റ് അടുപ്പുപോലുള്ള ബദൽമാർഗങ്ങൾ ആലോചിക്കുന്നുണ്ട്. വിവാഹമണ്ഡപങ്ങൾക്ക് സിലിണ്ടർ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം–രാമചന്ദ്രൻ പറഞ്ഞു.









0 comments