‘ബാഹുബലി 3’ ലോഡിങ്? സൂചന നൽകി പ്രഭാസും റാണയും അനുഷ്കയും

ഹൈദരാബാദ്: എസ് എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ബാഹുബലി’ക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ബാഹുബലി: ദി ടോർച്ച് ബെയറർ’ എന്ന ഡോക്യുമെന്ററിയിലെ ഒരു വീഡിയോ ക്ലിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. വീഡിയോയിൽ പ്രധാന താരങ്ങളായ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി എന്നിവർ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്.
‘‘ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും’’ എന്ന് റാണ പറയുന്നതും, പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തി കാണിക്കുന്നതും വീഡിയോയിൽ കാണാം. അനുഷ്കയും ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നുണ്ട. വീഡിയോ പുറത്തായതോടെ ആരാധകർ വലിയ ആവേശത്തിലാണ്. എന്നാൽ, ഇതുവരെ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ സംവിധായകൻ എസ് എസ് രാജമൗലിയോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
ബാഹുബലി ഫ്രാഞ്ചൈസി ഇന്ത്യൻ സിനിമയെ മാറ്റിമറിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ജൂൺ 26നാണ് നാല് എപ്പിസോഡുകളുള്ള ഈ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയത്. സിനിമയുടെ മേക്കിംഗ്, അണിയറ ദൃശ്യങ്ങൾ, അഭിനേതാക്കളുടെ അഭിമുഖങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2015ലും 2017ലുമായി പുറത്തിറങ്ങിയ ‘ബാഹുബലി: ദ ബിഗിനിങ്’, ‘ബാഹുബലി: ദ കൺക്ലൂഷൻ’ എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളായി മാറുകയും പ്രഭാസിനെ പാൻ-ഇന്ത്യ താരമാക്കുകയും ചെയ്തിരുന്നു.
ഫ്രാഞ്ചൈസിയുടെ 10-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, 2025 ഒക്ടോബർ 31ന് രണ്ട് ഭാഗങ്ങളും ചേർത്ത് പുനർനിർമ്മിച്ച ‘ബാഹുബലി: ദി എപ്പിക്’ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ആഗോളതലത്തിൽ ഏകദേശം 80 കോടി രൂപയോളം റീ-റിലീസ് നേടി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച ബാഹുബലിയുടെ മൂന്നാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.










0 comments